പ്രതിപക്ഷ നേതാവായതിനു ശേഷമുള്ള ആദ്യ യുഎസ് സന്ദർശനത്തിനൊരുങ്ങി രാഹുൽ ഗാന്ധി. സെപ്റ്റംബർ 8 മുതൽ 10 വരെയായിരിക്കും സന്ദർശനം. സെപ്റ്റംബർ എട്ടിന് ടെക്‌സസിലെ ഡാളസിലും സെപ്റ്റംബർ 9, 10 തീയതികളിൽ വാഷിംഗ്ടൺ ഡിസിയിലും രാഹുൽ ഗാന്ധി എത്തും. സന്ദർശന വേളയിൽ അക്കാദമിക് വിദഗ്ധർ, മാധ്യമ പ്രവർത്തകർ, സാങ്കേതിക വിദഗ്ധർ, വ്യവസായികൾ തുടങ്ങിയവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.
പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധിയുമായി സംവദിക്കണമെന്ന് ആവശ്യം ഉയരുകയാണെന്നും ഇതിന്റെ പശ്ചാത്തലത്തിലാണ് സന്ദർശനമെന്നും ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചെയർമാൻ സാം പിത്രോഡ പറഞ്ഞു.
അതേസമയം ജമ്മു കശ്‌മീർ, ഹരിയാന നിയമസഭ തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ രാഹുൽ ഗാന്ധി സന്ദർശന കാലാവധി ചുരുക്കിയിരുന്നു. സെപ്റ്റംബറിൽ ഏകദേശം 10-12 ദിവസത്തേക്കായിരുന്നു രാഹുലിൻറെ യുഎസ് സന്ദർശനം ആദ്യം നിശ്ചയിച്ചിരുന്നത്.
അതേസമയം സെപ്റ്റംബർ രണ്ടാം വാരത്തിൽ പ്രിയങ്ക ഗാന്ധി തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിക്കുമെന്നാണ് റിപ്പോർട്ടുകൾ.