അമേരിക്കൻ മ്യൂസിക് അവാർഡ്‌സിൽ ചരിത്രം കുറിച്ച് രാജ കുമാരി; ആദ്യ ഇന്ത്യൻ വംശജയായ ഗായിക

New Update
Uzhbbhtz

ലോസ് ഏഞ്ചൽസ്: ഇന്ത്യൻ വംശജയായ അമേരിക്കൻ റാപ്പറും ഗായികയുമായ രാജ കുമാരിക്ക് അമേരിക്കൻ മ്യൂസിക് അവാർഡ്‌സിൽ (എ എം എ) അഭിമാനകരമായ വിജയം. 51-ാമത് അമേരിക്കൻ മ്യൂസിക് അവാർഡ്‌സ് വേദിയിൽ, ‘ആർക്കെയ്ൻ ലീഗ് ഓഫ് ലെജൻഡ്‌സ്’ എന്ന സീരിസിലെ സൗണ്ട്ട്രാക്കായ ‘റെനഗേജ് (വി നെവർ റൺ)’ എന്ന ഗാനത്തിന് "ഫേവറിറ്റ് സൗണ്ട് ട്രാക്ക് " വിഭാഗത്തിൽ അവർ പുരസ്കാരം നേടി. ഒരു അമേരിക്കൻ മ്യൂസിക് അവാർഡ് നേടുന്ന ആദ്യ ഇന്ത്യൻ വംശജയായ കലാകാരിയായി രാജ കുമാരി ഇതോടെ ചരിത്രത്തിൽ ഇടംപിടിച്ചു.

Advertisment

മെയ് 27-ന് ലോസ് ഏഞ്ചൽസിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് പുരസ്കാര പ്രഖ്യാപനം നടന്നത്. ‘റെനഗേജ് (വി നെവർ റൺ)’എന്ന ഗാനം രാജ കുമാരിയും യുകെ ഹിപ്-ഹോപ്പ് ഗായകൻ സ്റ്റെഫ്ലോൺ ഡോണിനും ഡൊമിനിക്കൻ-ബ്രസീലിയൻ ഗായകൻ ജറീന ഡി മാർക്കോയ്ക്കും ഒപ്പം നിർമ്മിച്ചതാണ് . ഈ ഗാനം റിലീസ് ചെയ്തപ്പോൾ തന്നെ വലിയ നിരൂപക പ്രശംസ നേടുകയും ലോകമെമ്പാടുമുള്ള സംഗീത പ്രേമികൾക്കിടയിൽ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

സിനിമയ്ക്ക് വേണ്ടി ഒരു ഗാനം ചെയ്തു എന്നതിനപ്പുറത്ത് കൂടുതൽ ഒന്നും പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ ആളുകളിൽ വലിയ രീതിയിലുള്ള സ്വാധീനമുണ്ടാക്കാൻ ആ ഗാനത്തിന് കഴിഞ്ഞു. സിനിമയിലെ കഥാപാത്രം ഇന്ത്യക്കാരി ആയത് കൊണ്ടാണ് എന്നെ ആ സിനിമയിലേക്ക് വിളിക്കുന്നത്. ഞങ്ങളുടെ സംസ്കാരത്തെ പ്രിതിനിധീകരിക്കുന്ന ഒരാളെന്ന നിലയിലും അഗ്രസീവ് ഗാനങ്ങൾ നിർമിക്കാൻ കഴിയുന്ന സ്ത്രീ എന്ന രീതിയിലും എന്നെ തിരഞ്ഞെടുക്കുകയായിരുന്നു രാജ കുമാരി പറഞ്ഞു.

തെലുങ്ക് മാതാപിതാക്കളുടെ മകളായി കാലിഫോർണിയയിൽ ജനിച്ച സ്വേത യാലപ്രഗഡ റാവു എന്ന രാജ കുമാരി, ഇന്ത്യൻ ശാസ്ത്രീയ സംഗീതവും ഹിപ്-ഹോപ്പും സമന്വയിപ്പിച്ച് തന്റേതായ ഒരു ശൈലി രൂപപ്പെടുത്തിയ കലാകാരിയാണ്.