"ന്യൂ യോർക്കിൽ നിന്നു പലായനം ചെയ്യുക, ഒഹായോ നിങ്ങളെ കാത്തിരിക്കുന്നു!". ന്യൂ യോർക്ക് മേയർ സ്ഥാനാർഥി സോഹ്രാൻ മാംദാനിക്കെതിരെ ഒഹായോവിൽ ഗവർണർ സ്ഥാനത്തേക്കു മത്സരിക്കുന്ന വിവേക് രാമസ്വാമി ടൈംസ് സ്‌ക്വയറിൽ ഉയർത്തുന്ന ബിൽബോർഡിലെ വാചകമാണിത്. ഇരുവരും ഇന്ത്യൻ വംശജർ ആണെങ്കിലും രാഷ്ട്രീയമായി രണ്ടു ധ്രുവങ്ങളിലാണ്. രാമസാമി വലതുപക്ഷത്തിന്റെ പോരാളി, മാംദാനി സോഷ്യലിസ്റ്റ് അനുഭാവിയും.
രാമസ്വാമിയെ പിന്തുണയ്ക്കുന്ന വിവേക് സൂപ്പർ പി എ സി ആണ് $50,000 മുടക്കുളള ബോർഡ് വയ്ക്കുന്നത്. തങ്ങൾ വിജയികൾ ആണെന്നും ഇരകൾ അല്ലെന്നും അവർ അവകാശപ്പെടുന്നു. റിപ്പബ്ലിക്കൻ പാർട്ടിയിൽ ഉദയതാരമായ രാമസ്വാമി (39) പ്രസിഡന്റ് ട്രംപിനെതിരെ പാർട്ടി പ്രൈമറികളിൽ മത്സരിച്ചിരുന്നു. മാംദാനി (33) ആവട്ടെ, കരുത്തനായ മുൻ ഗവർണർ ആൻഡ്രൂ കുവോമോയെ വീഴ്ത്തിയാണ് ഡെമോക്രാറ്റിക് പ്രൈമറിയിൽ വിജയം കണ്ടത്.
"മാംദാനി തൊഴിൽ നഷ്ടപ്പെടുത്തുന്ന സോഷ്യലിസ്റ്റ് സമഗ്രാധിപത്യം കൊണ്ട് ന്യൂ യോർക്കിനെ കൂടുതൽ ഞെരുക്കും, വിവേക് ആവട്ടെ സ്വാതന്ത്ര്യം അനുവദിച്ചു ഒഹായോവിനെ അമേരിക്കൻ സ്വപ്നത്തിന്റെ സംസ്ഥാനമാക്കും," സൂപ്പർ പി എ സി നയിക്കുന്ന ആൻഡി സുറാബിയൻ പറയുന്നു. "ന്യൂ യോര്കിൽ മടുത്തവർക്കു ഒഹായോവിൽ സ്വാതന്ത്ര്യവും പുരോഗതിയും കൈവരിക്കാം."
ചെലവ് കുറവാണെങ്കിലും ഒഹായോ ന്യൂ യോർക്കിൽ ജീവിക്കുന്നവർക്കു മുൻഗണന അല്ല. 2022 ഡാറ്റ അനുസരിച്ച്, ന്യൂ യോർക്ക് വിട്ടു പോകാൻ ആഗ്രഹിക്കുന്നവർ ഇരുപതാം സ്ഥാനം മാത്രമാണ് ഒഹായോവിനു നൽകുന്നത്.
രാമസ്വാമിക്ക് മത്സരത്തിൽ 50% പിന്തുണ കാണുന്നതായി ഏപ്രിലിൽ നടത്തിയ സർവേയിൽ കണ്ടിരുന്നു.