വാഷിംഗ്ടൺ : പ്രസിഡന്റ് ബൈഡനെ തഴഞ്ഞു മിഷേൽ ഒബാമയെ ഡെമോക്രാറ്റുകൾ 2024 പ്രസിഡന്റ് സ്ഥാനാർഥിയായി നിയോഗിക്കുമെന്നു റിപ്പബ്ലിക്കൻ മത്സരത്തിൽ നിന്നു പിന്മാറിയ വിവേക് രാമസ്വാമി. ബൈഡനു ഓർമശക്തി തീരെ കുറവാണെന്ന സ്പെഷ്യൽ കൗൺസൽ റിപ്പോർട്ട് വിവാദമായതിനെ കുറിച്ച് പരാമർശിക്കയായിരുന്നു രാമസ്വാമി.
ബൈഡനെ മാറ്റാൻ ഡെമോക്രാറ്റുകൾക്കു ഇപ്പോൾ മതിയായ കാരണം കിട്ടിയെന്നു രാമസ്വാമി ഫോക്സ് ന്യൂസ് ഡിജിറ്റലിൽ പറഞ്ഞു. അതിനുള്ള സൗകര്യം പാർട്ടിക്കു റിപ്പോർട്ട് നൽകുന്നു. മുൻ പ്രഥമ വനിത ആയിരിക്കും പകരം വരിക.
"എന്നാൽ കമലാ ഹാരിസ് എന്ന പ്രശ്നം ഡെമോക്രാറ്റുകൾക്കുണ്ട്. ബൈഡനെ ഒഴിവാക്കിയാൽ സ്വാഭാവികമായും ആദ്യ പരിഗണന വൈസ് പ്രസിഡന്റിനാണ് ലഭിക്കേണ്ടത്. എന്നാൽ ഈ വൈസ് പ്രസിഡന്റിനെ പ്രസിഡന്റ്ക്കാൻ കൊള്ളുകയില്ല.
"ഹാരിസിനെ ഒഴിവാക്കിയാൽ ലിംഗ വിഷയവും മറ്റും ഉയർന്നു വരും. അത് കൊണ്ടാണ് മിഷൽ ഒബാമയ്‌ക്കു സാധ്യത വർധിക്കുന്നത്.”
ആശങ്ക സ്വാഭാവികമെന്നു ഹിലരി
ബൈഡന്റെ പ്രായത്തെ കുറിച്ചുള്ള ആശങ്ക സ്വാഭാവികമാണെന്നു മുൻ പ്രഥമ വനിത ഹിലരി ക്ലിന്റൺ പറഞ്ഞു. എങ്കിലും അദ്ദേഹത്തിനാണ് വോട്ട് നൽകുക.
ബൈഡനെക്കാൾ മൂന്നു വയസ് മാത്രം കുറഞ്ഞ ട്രംപിന്റെ കാര്യത്തിലും പ്രായം വിഷയമല്ലേ എന്നു അവർ ചോദിച്ചു. ബൈഡനു പരിചയ സമ്പത്തു കൂടുതലുണ്ട്. ചെറുപ്പക്കാരെ ആകർഷിക്കാൻ അത് ഉപകരിക്കും.
" അദ്ദേഹത്തിനു അനുഭവ സമ്പത്തു രാഷ്ട്രീയത്തിൽ മാത്രമല്ല. അദ്ദേഹത്തിന്റെ സ്വഭാവ ഗുണങ്ങളും അറിവും കൂടി പരിഗണിക്കണം."
പ്രസിഡന്റ് എന്ന നിലയിൽ മികച്ച പ്രവർത്തനം കാഴ്ച വച്ച ബൈഡനെ വീണ്ടും തിരഞ്ഞെടുക്കുന്നതിനെ താൻ പിന്താങ്ങുന്നുവെന്നു ഹിലരി പറഞ്ഞു. "അദ്ദേഹം ഊർജസ്വലനായി പ്രചാരണം നടത്തുന്നുമുണ്ട്."