/sathyam/media/media_files/2025/10/12/bbvv-2025-10-12-03-23-10.jpg)
ഡേണൾഡ് ട്രംപിന്റെ ഭരണകൂടം യുഎസ് ഫെഡറൽ ഏജൻസികളിൽ 'റിഡക്ഷൻ-ഇൻ-ഫോഴ്സ്' (ആർഐഎഫ് - ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിനുള്ള) നോട്ടിസുകൾ നൽകിത്തുടങ്ങിയതോടെ ആയിരക്കണക്കിന് ഫെഡറൽ ജീവനക്കാർ ആശങ്കയിൽ. ട്രഷറി വകുപ്പ്, ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് (ഡി എച്ച് എസ്),ആരോഗ്യ-മനുഷ്യ സേവന വകുപ്പ് (എച്ച് എച്ച് എസ്) എന്നിവിടങ്ങളിലാണ് നിലവിൽ നോട്ടിസുകൾ നൽകിയിരിക്കുന്നത്. വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരെയും ഈ നടപടികൾ ബാധിക്കുമെന്ന് അറിയിപ്പുണ്ട്.
ഈ നടപടി എത്ര പേരെ ബാധിക്കുമെന്നോ, ഇതിന്റെ കൃത്യമായ വ്യാപ്തിയെന്താണെന്നോ ഇതുവരെ വ്യക്തമല്ല. നിലവിൽ ആരെങ്കിലും പിരിച്ചുവിട്ടിട്ടുണ്ടോ എന്നതിലും വ്യക്തതയില്ല. ഷട്ട്ഡൗൺ കാരണം അവധിയിലായ ജീവനക്കാരെയാണോ, അതോ പുതിയ പിരിച്ചുവിടലുകളാണോ ഇതുകൊണ്ട് ഉദേശിക്കുന്നതെന്ന കാര്യത്തിലും അവ്യക്തത തുടരുകയാണ്.
ഡിഎച്ച്എസ് വക്താവ് അറിയിച്ചതനുസരിച്ച് സൈബർ സുരക്ഷാ ഏജൻസിയായ സിഐഎസ്എയിൽ (സൈബർസെക്യൂരിറ്റി ആൻഡ് ഇൻഫ്രാസ്ട്രക്ചർ സെക്യൂരിറ്റി ഏജൻസി) നോട്ടിസുകൾ നൽകിയിട്ടുണ്ട്. മുൻപ് സെൻസർഷിപ്, തിരഞ്ഞെടുപ്പ് കാര്യങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന സിഐഎസ്എ അതിന്റെ യഥാർത്ഥ ലക്ഷ്യത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്നാണ് വക്താവ് പറയുന്നത്. ട്രഷറി, വിദ്യാഭ്യാസ വകുപ്പുകളിലും നോട്ടീസുകൾ നൽകിയിട്ടുള്ളതായി അവിടങ്ങളിലെ വക്താക്കളും സ്ഥിരീകരിച്ചിട്ടുണ്ട്.