/sathyam/media/media_files/2025/05/11/c8gp1IvjlvGF1j8XQpb7.jpg)
വാഷിങ്ടൻ ഡിസി : ഇന്ത്യൻ ശതകോടീശ്വരനായ ഗൗതം അദാനിക്കും അദ്ദേഹത്തിന്റെ കമ്പനികൾക്കുമെതിരെ വിദേശത്ത് ചുമത്തിയ കൈക്കൂലിക്കേസിലെ ക്രിമിനൽ കുറ്റങ്ങൾ റദ്ദാക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ അദാനിയുടെ പ്രതിനിധികൾ ട്രംപ് ഭരണകൂടത്തിലെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. രാജ്യാന്തര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഈ വർഷം ആദ്യം ആരംഭിച്ച ചർച്ചകൾ കഴിഞ്ഞ ആഴ്ചകളിൽ കൂടുതൽ ശക്തമായിയെന്നും ഈ വേഗത തുടരുകയാണെങ്കിൽ വരും മാസങ്ങളിൽ ഇതിനൊരു പരിഹാരമുണ്ടായേക്കാമെന്നാണ് റിപ്പോർട്ടുകൾ. അദാനിയുടെ വിചാരണ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുൻഗണനകളുമായി യോജിക്കുന്നില്ലെന്നും അത് പുനഃപരിഗണിക്കണമെന്നും അദാനിയുടെ ആവശ്യപ്പെട്ടു.
അദാനി ഗ്രൂപ്പ് പ്രതിനിധി ഇതിനെക്കുറിച്ച് പ്രതികരിക്കാൻ വിസമ്മതിച്ചു. ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ്, വൈറ്റ് ഹൗസ് എന്നിവയുടെ വക്താക്കളും പ്രതികരിച്ചിട്ടില്ല. ഈ വാർത്ത പുറത്ത് വന്നതിന് പിന്നാലെ തിങ്കളാഴ്ച മുംബൈയിൽ അദാനി ഗ്രൂപ്പ് ഓഹരികൾ ഉയർന്നിരുന്നു. പ്രധാന കമ്പനിയായ അദാനി എന്റർപ്രൈസസ് ലിമിറ്റഡ് 7% നേട്ടമുണ്ടാക്കി, ഇത് ഡിസംബറിന് ശേഷമുള്ള ഏറ്റവും വലിയ വർധനവാണ്.
ട്രംപിന്റെ തിരഞ്ഞെടുപ്പ് വിജയത്തിന് തൊട്ടുപിന്നാലെ, ഗൗതം അദാനി, അദ്ദേഹത്തിന്റെ അനന്തരവൻ സാഗർ എന്നിവർക്കെതിരെ ബൈഡൻ ഭരണകൂടം കുറ്റപത്രം പുറത്തിറക്കിയിരുന്നു. സമാന്തരമായി സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ ഒരു സിവിൽ കേസും ഫയൽ ചെയ്തിരുന്നു. സൗരോർജ കരാറുകൾ ഉറപ്പിക്കാൻ ഗൗതം അദാനി ഇന്ത്യയിലെ പ്രാദേശിക ഉദ്യോഗസ്ഥർക്ക് 250 മില്യൻ ഡോളർ കൈക്കൂലി വാഗ്ദാനം ചെയ്തു എന്നാണ് അന്ന് പ്രോസിക്യൂട്ടർമാർ പറഞ്ഞത്. അദാനി ഗ്രൂപ്പ് ഈ ആരോപണങ്ങൾ നിഷേധിച്ചിരുന്നു.
ഏഷ്യയിലെ രണ്ടാമത്തെ വലിയ ധനികനായ അദാനി, ശിക്ഷ ഒഴിവാക്കാനും ആരോപണങ്ങൾ രാജ്യാന്തര ബിസിനസ് താൽപര്യങ്ങളിൽ ഏൽപ്പിച്ചേക്കാവുന്ന സാമ്പത്തിക ആഘാതം കുറയ്ക്കാനും വിവിധ മാർഗ്ഗങ്ങളിലൂടെ യുഎസ് അധികാരികളെ സ്വാധീനിക്കാൻ ശ്രമം നടത്തിവരികയാണ്. യുഎസിൽ, അദാനി തനിക്കുവേണ്ടി പ്രവർത്തിക്കാൻ പ്രമുഖ അഭിഭാഷകരെയും ലോബിയിസ്റ്റുകളെയും നിയമിച്ചിട്ടുണ്ട്. അവരിപ്പോൾ ഭരണകൂടവുമായി ചർച്ചകൾ നടത്തുകയാണ് എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.