ന്യൂയോർക്ക്: എഫ് ബി ഐ ഡെപ്യൂട്ടി ഡയറക്റ്റർ ഡാൻ ബൊഞ്ഞിനോ ശനിയാഴ്ച്ച നടത്തിയ അഭിപ്രായ പ്രകടനം ട്രംപ് ഭരണകൂടത്തെ ചുറ്റിപ്പറ്റി പുതിയ വിവാദമാകുന്നു. ആരെയാണ് ലക്‌ഷ്യം വയ്ക്കുന്നത് എന്നു വ്യക്തമാക്കുന്നില്ലെങ്കിലും ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനെ കുറിച്ചുള്ള അന്വേഷത്തിൽ അദ്ദേഹത്തിനുള്ള അതൃപ്തി വാക്കുകളിൽ പൊട്ടിത്തെറിക്കുന്നുണ്ട്.
"ഇങ്ങനെയല്ല ഒരു റിപ്പബ്ലിക്ക് ഭരിക്കേണ്ടത്," ബൊഞ്ഞിനോ എക്‌സിൽ കുറിച്ചു. "അഴിമതി തുടച്ചു നീക്കാനും നിയമം നടപ്പാക്കുന്നതിലും ഇന്റലിജൻസ് നടപടികളിലും രാഷ്‌ടീയം കലർത്തുന്നതിലും ഞാനും എന്റെ ഡയറക്റ്റർ കാഷ് പട്ടേലും ഉറച്ചാണ്."
എപ്‌സ്റ്റീൻ കേസ് അന്വേഷണം സംബന്ധിച്ചു ബൊഞ്ഞിനോ അറ്റോണി ജനറൽ പാം ബോണ്ടിയുമായി ഏറ്റുമുട്ടിയെന്നു റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എപ്‌സ്റ്റീനെ മറന്നു കളയാൻ പ്രസിഡന്റ് ട്രംപ് ആവശ്യപ്പെടുമ്പോൾ അതേപ്പറ്റി ഇനി അന്വേഷിക്കാൻ ഒന്നുമില്ല എന്ന നിലപാടാണ് ബോണ്ടി എടുത്തത്. എന്നാൽ എപ്‌സ്റ്റീൻ ഫയൽ തന്റെ മേശപ്പുറത്തുണ്ടെന്നു നേരത്തെ പറഞ്ഞ ബോണ്ടിയുടെ നിലപാട് മാറ്റം ഏറെ സംശയങ്ങൾ ഉയർത്തുകയും ചെയ്‌തു.
ബൊഞ്ഞിനോ കുറിച്ചു: "എഫ് ബി ഐ ഡെപ്യൂട്ടി ഡയറക്റ്ററായ ശേഷം സംഭവിച്ചു കൊണ്ടിരിക്കുന്ന ചില കാര്യങ്ങൾ ഞാൻ ആവർത്തിച്ച് നിങ്ങളുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. പെട്ടെന്ന് കാണാൻ കഴിയില്ലെങ്കിലും അവ സംഭവിച്ചു കൊണ്ടു തന്നെ ഇരിക്കുന്നു.
"നമ്മുടെ അന്വേഷണത്തിനിടയിൽ ഞാൻ കണ്ടെത്തിയ കാര്യങ്ങൾ എന്നെ അത്യധികം ഞെട്ടിച്ചു. ഞാൻ അറിഞ്ഞ കാര്യങ്ങൾ എന്ന മറ്റൊരാളാക്കി. ഒരു റിപ്പബ്ലിക്ക് നടത്തേണ്ടത് ഇങ്ങിനെയല്ല.
"ഈ ഉചിതമായ അന്വേഷണം ഞാൻ നിയമം പാലിച്ചു തന്നെ നടത്തും. നമ്മൾ അർഹിക്കുന്ന എല്ലാ ഉത്തരങ്ങളും നമുക്ക് ലഭിക്കുക തന്നെ വേണം. അത് എവിടെ എത്തിച്ചേരുമെന്ന് എനിക്കു പ്രവചിക്കാൻ കഴിയില്ല. എന്നാൽ സത്യം കണ്ടെത്താൻ സത്യസന്ധവും അന്തസുള്ളതുമായ ശ്രമം നടത്തുമെന്നു ഞാൻ ഉറപ്പു തരുന്നു.
"എന്റെ സത്യമല്ല അത്, നിങ്ങളുടെ സത്യവുമല്ല, സത്യം മാത്രം. ദൈവം അമേരിക്കയെ കാത്തു സൂക്ഷിക്കട്ടെ."