/sathyam/media/media_files/2025/08/21/ggwgwh-2025-08-21-04-34-50.jpg)
ഇന്ത്യാ ഫെസ്റ്റിൽ പങ്കെടുത്തതിനു വംശീയ വിദ്വേഷികളുടെ വിമർശനം നേരിട്ട റിപ്പബ്ലിക്കൻ നേതാവ് റെപ്. ടിം ബുർകെറ്റ് (ടെന്നസി) ആക്ഷേപങ്ങൾ തള്ളി. മൂന്ന് ഫോട്ടോകളും ചേർത്ത് സോഷ്യൽ മീഡിയയിൽ അദ്ദേഹം പോസ്റ്റ് ചെയ്തു: "ഇന്ത്യാ ഫെസ്റ്റ് 2025 എനിക്കു മികച്ച അനുഭവമായിരുന്നു."
ബുർകെറ്റിനെ ഹാരമണിയിച്ചു സ്വീകരിക്കുന്ന ചിത്രം ആയിരുന്നു അതിലൊന്ന്.
ഇന്ത്യക്കാർ ധാരാളമായി പ്രയോജനപ്പെടുത്തുന്ന എച് 1ബി വിസയോടുള്ള വിദ്വേഷം പ്രകടിപ്പിക്കുന്ന സോഷ്യൽ മീഡിയ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു. "നിങ്ങൾ നൽകുന്ന എച് 1 ബി പിന്തുണ സാങ്കേതിക ഭീമന്മാർക്ക് ഇഷ്ടമാവും," ഒരാൾ കുറിച്ചു. "ഇന്ത്യാ ഫെസ്റ്റ് ഇഷ്ടപ്പെടാൻ അവർ എത്ര കാശ് തന്നു?"
മറ്റൊരാൾ എഴുതി: "പരിതാപകരം!!! അമേരിക്ക ഫസ്റ്റ് ആണത്രേ!!! മറ്റൊരു രാജ്യത്തിനു മുന്നിൽ മുട്ടു മടക്കുന്ന ഏതു രാഷ്ട്രീയക്കാരനെയും പുറത്താക്കുക. രാജ്യദ്രോഹി."
മൂന്നാമതൊരാളുടെ ചോദ്യം: "എപ്പോഴാണ് ഇന്ത്യയിൽ അമേരിക്ക ഫെസ്റ്റ്? നിങ്ങൾ പോകുന്നുണ്ടോ?"
ബുർകെറ്റ് എഴുതി: "ഇന്ത്യൻ സമൂഹം കുടുംബത്തിലും ക്യാപിറ്റലിസത്തിലും കഠിനാധ്വാനത്തിലും അമേരിക്കയിലും വിശ്വസിക്കുന്നു. ആ നാലു കാര്യങ്ങളും സ്വീകാര്യമാണെന്നു ഞാൻ വിശ്വസിക്കുന്നു."
ഇന്ത്യൻ സമൂഹത്തെ മൊത്തം നാടു കടത്തുക എന്നായിരുന്നു അതിനു വിദ്വേഷികളുടെ പ്രതികരണം.
അമേരിക്കൻ വംശജരിൽ നിന്നു എച്-1 ബി വിസ വഴി ഇന്ത്യക്കാർ ജോലി തട്ടിയെടുക്കുന്നു എന്ന ആക്ഷേപം കത്തി നിൽക്കുമ്പോഴാണ് ഈ പ്രതികരണങ്ങൾ. വിദേശ ജോലിക്കാരെ കൊണ്ടുവരാൻ യുഎസ് സാങ്കേതിക കമ്പനികൾ എച്-1 ബി പ്രോഗ്രാം വ്യാപകമായി ഉപയോഗിക്കുന്നു. അവർ അമേരിക്കക്കാരെ പിരിച്ചു വിട്ടു പകരം കുറഞ്ഞ വേതനം കൈപ്പറ്റുന്ന ഇന്ത്യക്കാരെ കൊണ്ടുവരുന്നുവെന്നു വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് തന്നെ അടുത്തിടെ പറഞ്ഞിരുന്നു.
എച്-1 ബി തന്നെ നിർത്തണം എന്നാണ് മാഗാ റിപ്പബ്ലിക്കന്മാർ ആവശ്യപ്പെടുന്നത്. അതേ സമയം, ഇന്ത്യൻ സമൂഹത്തെ അവഗണിക്കാൻ കഴിയില്ലെന്ന് റിപ്പബ്ലിക്കൻ നേതാക്കൾ മനസിലാക്കുന്നു.