യുഎസ് ഹൗസിൽ റിപ്പബ്ലിക്കൻ പാർട്ടിക്കു നിയന്ത്രണം കൈവിടുന്നു; സ്‌പീക്കറുടെ മേൽ ഡെമോക്രാറ്റുകൾ പിടിമുറുക്കുന്നു

New Update
765432wsdfghj

വാഷിംഗ്‌ടൺ: യുഎസ് ഹൗസിൽ 2022 നവംബറിൽ ഭൂരിപക്ഷം തിരിച്ചു പിടിച്ച റിപ്പബ്ലിക്കൻ പാർട്ടി ആ ഭൂരിപക്ഷം നിലനിർത്താൻ കഴിയാത്ത ഗതികേടിലേക്കു അതിവേഗം വഴുതി വീഴുകയാണ്. ഒരാഴ്ചയ്ക്കിടയിൽ ഹൗസിലെ സുപ്രധാനമായ മൂന്നു കമ്മിറ്റികളുടെ അധ്യക്ഷന്മാരാണ് രാജി വച്ചു പിരിയുന്നു എന്നു പ്രഖ്യാപിച്ചത്.

Advertisment

എട്ടു സീറ്റുകളുടെ മേൽക്കൈ മാത്രം ഉണ്ടായിരുന്ന പാർട്ടിക്കു ഇപ്പോൾ സുപ്രധാന നിയമനിർമാണം നടത്താൻ ഡെമോക്രാറ്റുകളുടെ പിന്തുണ കൂടിയേ തീരൂ എന്ന അവസ്ഥയാണ്. നേരിയ ഭൂരിപക്ഷത്തിൽ ഹൗസ് പിടിച്ച അവർക്കു കാലാവധി പൂർത്തിയാവുന്ന 2024 നവംബറിനു മുൻപു തന്നെ കാര്യങ്ങൾ കൈവിട്ടു പോകുന്ന നിലയാണ്.   

റെപ്. കാത്തി മക്മോറിസ് റോഡ്‌ജേഴ്‌സ് (വാഷിംഗ്‌ടൺ), മൈക്ക് ഗാലഹർ (വിസ്കോൺസിൻ), മാർക്ക് ഗ്രീൻ (ടെന്നസി) എന്നിവരാണ് സഭയിൽ നിന്ന് ഒഴിയുന്ന മൂന്നു കമ്മിറ്റി അധ്യക്ഷർ. തന്ത്രപ്രധാനമായ ചൈന കമ്മിറ്റിയുടെ ചെയറായ ഗാലഹർ ഏപ്രിൽ ആദ്യം പിരിയുമെന്നാണ് അറിയിച്ചത്. അതോടെ ഒരൊറ്റ വോട്ടിന്റെ ഭൂരിപക്ഷത്തിലേക്കു മെലിയുന്ന പാർട്ടിയിൽ നിന്ന് ആ സ്ഥാനത്തേക്കു മറ്റൊരാളെ നിയമിക്കാൻ പോലും സ്‌പീക്കർ മൈക്ക് ജോൺസണു സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയില്ല. 

വിസ്കോൺസിൻ നിയമം അനുസരിച്ചു ഏപ്രിലിൽ സീറ്റ് ഒഴിഞ്ഞാലും നവംബറിനു മുൻപ് തിരഞ്ഞെടുപ്പ് നടത്താനാവില്ല. അപ്പോൾ സഭയിൽ ആ സീറ്റ് ഒഴിഞ്ഞു കിടക്കും. ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി അലെജാന്ദ്രോ മയോർക്കസിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കം പാളിയതാണ് ഗാലഹരുടെ രാജിക്ക് ഒരു പ്രകോപനം. രണ്ടാം ശ്രമത്തിൽ തന്നെ ഒരൊറ്റ വോട്ടിനാണ് പ്രമേയം പാസായത്. റിപ്പബ്ലിക്കൻ പാർട്ടി നാണം കെട്ടുപോയി. 

ഹൗസിന്റെ ഹോംലാൻഡ് സെക്യൂരിറ്റി ചെയർ മാർക്ക് ഗ്രീൻ പിരിയുന്നതും മയോർക്കസ് സംഭവത്തിന്റെ നാണക്കേടു കൊണ്ടാണെന്നു വ്യാഖ്യാനമുണ്ട്. 

റോഡ്‌ജേഴ്‌സ് ഏറെക്കുറെ മധ്യവർത്തിയായ യാഥാസ്ഥിതികയാണ്. ആ തലമുറയ്ക്കു പകരം ഡൊണാൾഡ് ട്രംപിന്റെ തീവ്രവലതു പക്ഷം പിടി മുറുക്കിയതാണ് രാജിക്കൊരു പശ്ചാത്തലം. 

ഹൗസിന്റെ കരുത്തുറ്റ അപ്പ്രോപ്രിയേഷൻസ് കമ്മിറ്റി അധ്യക്ഷ റെപ്. കെയ് ഗ്രാൻഗർ (ടെക്സസ്) കഴിഞ്ഞ വർഷം തന്നെ രാജി പ്രഖ്യാപിച്ചിരുന്നു. ജനുവരിയിൽ 14 വർഷത്തെ സേവനം അവസാനിപ്പിച്ചു റെപ്. ജെഫ് ഡങ്കൻ (സൗത്ത് കരളിന) പിരിഞ്ഞു. 

ഈ ഗുലുമാലുകൾക്കിടയിലാണ് ട്രംപിന്റെ വിശ്വസ്തയായ റെപ്. മാർജോറി ടെയ്‌ലർ ഗ്രീൻ (ജോർജിയ) സ്‌പീക്കർക്കെതിരെ ആയുധമെടുത്തത്. ജോൺസണെ നീക്കം ചെയ്യാനുള്ള അവരുടെ പ്രമേയം പാസായാൽ പാർട്ടിയിൽ അത് ഉരുൾപൊട്ടലാവും. ഡെമോക്രാറ്റുകളുമായി സഹകരിച്ചു എന്ന ആരോപണമാണ് ജോൺസണു എതിരെ ഗ്രീൻ ഉന്നയിക്കുന്നത്. പ്രമേയം പാസാവാതെ നോക്കാൻ ജോൺസണു ഡെമോക്രാറ്റുകളുടെ സഹായം ആവശ്യമാണന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ എത്തുന്നത്. 

നവംബർ വരെ റിപ്പബ്ലിക്കൻ നിയന്ത്രണം തുടർന്നാൽ പോലും തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾ ഹൗസ് തിരിച്ചു പിടിക്കും എന്നാണ് നിരീക്ഷകർ കരുതുന്നത്. 

Republican Party