മിഡിൽ ഈസ്റ്റ് യുദ്ധത്തിൽ ട്രംപിനു ചേരാൻ കോൺഗ്രസ് അനുമതി ആവശ്യമെന്നു പ്രമേയം

New Update
Chcnvkhk

ഇസ്രയേൽ-ഇറാൻ യുദ്ധത്തിൽ നേരിട്ടു പ്രവേശിക്കുന്നതിൽ നിന്ന് പ്രസിഡന്റ് ഡോണൾഡ്‌ ട്രംപിനെ തടയാൻ കോൺഗ്രസിൽ പ്രമേയം കൊണ്ടുവരുന്നതിനു ഇന്ത്യൻ അമേരിക്കൻ അംഗം റെപ്. റോ ഖന്ന (ഡെമോക്രാറ്റ്-കാലിഫോർണിയ) മുൻകൈയെടുത്തു. 

Advertisment

ടെഹ്റാനിൽ നിന്ന് ഇറാൻ സിവിലിയന്മാർ ഉടൻ ഒഴിഞ്ഞുപോകണമെന്നു ട്രംപ് ആഹ്വാനം ചെയ്തത് ലോകത്തെ തന്നെ അമ്പരപ്പിച്ചിരിക്കയാണ്. "ഇത് നമ്മുടെ യുദ്ധമല്ല, ആവണെങ്കിൽ ഭരണഘടന അനുസരിച്ചു കോൺഗ്രസ് ആണ് അക്കാര്യം തീരുമാനിക്കേണ്ടത്," ഖന്നയോടൊപ്പം പ്രമേയ അവതാരകൻ ആവുന്ന റിപ്പബ്ലിക്കൻ റെപ്. തോമസ് മാസി (കെന്റക്കി) പറഞ്ഞു.  

"നമ്മൾ യുദ്ധത്തിൽ ചേരുന്നത് തടയാനുളള പ്രമേയം -- ഇരു കക്ഷികളും ചേർന്നുള്ള വാർ പവർസ് റെസൊല്യൂഷൻ -- ഞാൻ കൊണ്ടുവരുന്നു. എല്ലാ കോൺഗ്രസ് അംഗങ്ങളോടും ഇതിന്റെ സഹ സ്പോണ്സർമാരാവാൻ ഞാൻ അഭ്യർത്ഥിക്കുന്നു.

ട്രംപ് ഏകപക്ഷീയമായി യുദ്ധത്തിൽ പ്രവേശിക്കുന്നത് തടയാനാണ് കോൺഗ്രസ് അംഗങ്ങൾ ശ്രമിക്കുന്നത്. പരസ്യമായി ട്രംപിന്റെ നീക്കത്തെ എതിർക്കുന്ന ചുരുക്കം ചില റിപ്പബ്ലിക്കൻ അംഗങ്ങളിൽ ഒരാളാണ് മാസി. ഖന്ന ആവട്ടെ, യുഎസ് അനധികൃതമായി യുദ്ധത്തിന് പോകുന്നതിനെ എക്കാലവും എതിർത്തിട്ടുണ്ട്.

ഡെമോക്രാറ്റിക്‌ സെനറ്റർ ടിം കെയ്ൻ (വിർജീനിയ) സെനറ്റിൽ സമാന്തര പ്രമേയം കൊണ്ടുവന്നു. അദ്ദേഹം പറഞ്ഞു: "നമ്മുടെ സൈനികരെ യുദ്ധരംഗത്തേക്കു അയക്കാനാണ് നീക്കമെങ്കിൽ കോൺഗ്രസ് അക്കാര്യം ചർച്ച ചെയ്തു വോട്ടിടേണ്ടതുണ്ട്."

Advertisment