റഷ്യ-യുക്രൈൻ യുദ്ധത്തിൽ 30 ദിവസത്തെ വിരാമം നിർദേശിക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ദൂതൻ സ്റ്റീവ് വിറ്റ്‌കോഫ് മോസ്കോയിൽ എത്തിയതിനു പിന്നാലെ, യുക്രൈനുമായി വ്യാഴാഴ്ച്ച തന്നെ ബന്ധപ്പെടാൻ തയാറാണെന്നു വിദേശകാര്യ വക്താവ് മരിയ സഖറോവ അറിയിച്ചു.
സൗദി അറേബ്യയിൽ നടന്ന ചർച്ചയിൽ യുക്രൈൻ സ്വീകരിച്ച യുഎസ് നിർദേശം സ്വീകാര്യമാണോ എന്നു പക്ഷെ ക്രെംലിൻ വ്യക്തമാക്കിയില്ല. 30 ദിവസത്തെ വിരാമം യുക്രൈനു ഒരു ഇടവേള നൽകുകയാണ് ചെയ്യുന്നതെന്നു റഷ്യ കരുതുന്നു.
യുദ്ധത്തിൽ യുക്രൈൻ കൈയ്യടക്കിയ കുർസ്‌ക് മേഖല തിരിച്ചു പിടിക്കാനുള്ള കടുത്ത പോരാട്ടത്തിലാണ് റഷ്യൻ സേന. ബുധനാഴ്ച്ച അവരെ സന്ദർശിച്ച പ്രസിഡന്റ് പുട്ടിൻ അവരോടു ശത്രുവിനെ തുരത്താൻ ആഹ്വാനം ചെയ്തു. കഴിഞ്ഞ ഓഗസ്റ്റിലാണ് യുക്രൈൻ സേന കുർസ്‌കിൽ പ്രവേശിച്ചത്. സുഡ്ഷാ പട്ടണവും സമീപ ഗ്രാമങ്ങളും അവർ പിടിച്ചു.
ഏതായാലും യുഎസ് നിർദേശങ്ങൾ ഉടൻ ചർച്ച ചെയ്യാൻ തയാറാണെന്നു സഖറോവ വ്യക്തമാക്കി. ക്രെംലിൻറെ വിദേശകാര്യ ഉപദേഷ്ടാവ് യൂറി ഉഷക്കോവും യുഎസ് നാഷണൽ സെക്യൂരിറ്റി അഡ്വൈസർ മൈക്ക് വാൾസും നേരത്തെ ഫോണിൽ സംസാരിച്ചിരുന്നുവെന്നും അവർ അറിയിച്ചു.
വിറ്റ്‌കോഫ് മോസ്കോയിൽ എത്തുമ്പോൾ പുട്ടിൻ ബെലറൂസ് പ്രസിഡന്റ് അലക്‌സാണ്ടർ ലുകാഷെങ്കോയുമായി ചർച്ചയിൽ പ്രവേശിച്ചു.നേറ്റോയിൽ യുക്രൈനു പ്രവേശനം നൽകുന്നതിനെ റഷ്യ തുടർന്നും എതിർക്കുമെന്ന് ക്രെംലിൻ പറഞ്ഞു.