വാഷിങ്ടൻ: കോവിഡ്–19 വാക്സീൻ എടുക്കാത്തതിന്റെ പേരിൽ സർവീസിൽ നിന്ന് പിരിച്ചുവിട്ട 8,000 സൈനികരെ ജോലിയിൽ തിരിച്ചെടുക്കുമെന്ന് ട്രംപ്. നേരത്തെയുണ്ടായിരുന്ന അതേ പദവികളിലേയ്ക്ക് തന്നെയാണ് വീണ്ടും നിയമിക്കുന്നത്. മാത്രമല്ല ഇത്രയും നാളത്തെ മുഴുവൻ ശമ്പളവും ആനുകൂല്യങ്ങളും നൽകുമെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉത്തരവിൽ പറയുന്നു.
2021 മുതൽ 2023 കാലയളവിൽ ബൈഡൻ ഭരണകൂടവും മുൻ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനുമാണ് 8,000-ത്തിലധികം സൈനികരെ കോവിഡ്-19 വാക്സീൻ എടുക്കാത്തതിന്റെ പേരിൽ സർവീസിൽ നിന്ന് പിരിച്ചുവിട്ടത്. 2023 ൽ നിർബന്ധിത വാക്സീൻ റദ്ദാക്കിയതിന് ശേഷം 43 പേരെ മാത്രമാണ് തിരികെ ജോലിയിൽ പ്രവേശിപ്പിച്ചത്.
നിർബന്ധിത കോവിഡ് വാക്സീൻ എടുക്കാത്തതിന്റെ പേരിൽ അന്യായമായി സൈന്യത്തിൽ നിന്ന് പുറത്താക്കപ്പെട്ട എല്ലാ സൈനികരേയും മുഴുവൻ ശമ്പളത്തോടെ തന്നെ ജോലിയിൽ തിരിച്ചെടുക്കുമെന്ന് പ്രസിഡന്റായി അധികാരത്തിൽ പ്രവേശിച്ച ശേഷമുള്ള ഉദ്ഘാടന പ്രസംഗത്തിൽ ട്രംപ് പ്രഖ്യാപിച്ചിരുന്നു.