വാഷിങ്ടണ്‍: ഗെയിം ഒഫ് ത്രോണ്‍സ് ആരാധകര്‍ക്ക് മറക്കാനാകാത്തവയാണ് ഡയര്‍ വോള്‍ഫുകള്‍. ജോണ്‍ സ്നോയുടെയും സ്ററാര്‍ക് ഹൗസിന്‍റെയും പ്രിയപ്പെട്ട വെളുത്ത രോമങ്ങളോടു കൂടിയ കൂറ്റന്‍ നായ. പതിനായിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുന്‍പേ ഭൂമിയില്‍ നിന്ന് വംശനാശം സംഭവിച്ച് ഇല്ലാതായവയാണ് ഡയര്‍ വൂള്‍ഫുകള്‍. ഇപ്പോഴിതാ അവയോടു സാമ്യമുള്ള 3 വൂള്‍ഫുകളെ ജനറ്റിക് എന്‍ജിനീയറിങ് വഴി പുനര്‍ജനിപ്പിച്ചിരിക്കുകയാണ് കൊളോസ്സല്‍ ബയോസയന്‍സിലെ ഗവേഷകര്‍.
മൂന്നു മുതല്‍ ആറു മാസം വരെ പ്രായമുള്ള വൂള്‍ഫുകള്‍ക്ക് 80 പൗണ്ടാണ് ഭാരം. വെളുത്ത നീണ്ട രോമങ്ങളും ഇവയുടെ പ്രത്യേകതയാണ്. 140 പൗണ്ട് വരെ ഭാരം ഇവയ്ക്കുണ്ടായേക്കാം. പൂര്‍ണമായും ഡയര്‍ വൂള്‍ഫുകളെ പുനര്‍നിര്‍മിക്കുക എന്നത് സാധ്യമല്ല. അവയോട് സാമ്യമുള്ളവയെയാണ് വികസിപ്പിച്ചെടുത്തിരിക്കുന്നതെന്ന് ബയോളജിസ്ററ് വിന്‍സന്‍റ് ലിഞ്ച് പറയുന്നു. പതിമൂന്നായിരം വര്‍ഷം പഴക്കമുള്ള ഡയര്‍ വൂള്‍ഫിന്‍റെ ഫോസിലില്‍ നിന്ന് ഡിഎന്‍എ എടുത്ത് പരിശോധിച്ചാണ് ഇവയുടെ സ്വഭാവത്തെക്കുറിച്ച് ഗവേഷകര്‍ കണ്ടെത്തിയത്.
പിന്നീട് നിലവിലുള്ള ഗ്രേ വൂള്‍ഫില്‍ നിന്ന് രക്തകോശങ്ങള്‍ എടുത്ത് സിആര്‍ഐഎസ്പിആര്‍ വഴി 20 തരത്തില്‍ ജനിതകമായി മാറ്റം വരുത്തിയെന്ന് മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ബേത് ഷപീരോ പറയുന്നു. പിന്നീട് ഒരു വളര്‍ത്തു നായുടെ അണ്ഡത്തിലേക്ക് ഇവ സ്ഥാപിച്ചതിനു ശേഷം എംബ്രിയോ മറ്റൊരു നായുടെ ഉള്ളില്‍ നിക്ഷേപിച്ചു. പിന്നീട് 62 ദിവസങ്ങള്‍ക്കു ശേഷമാണ് ഡയര്‍ വോള്‍ഫിനോടു സമാനമായ കുഞ്ഞുങ്ങള്‍ പിറന്നത്.