ഡബ്ലിന്‍ : ഡബ്ലിനില്‍ സെക്കന്റ് ഹാന്റ് വീടുകളുടെ വിലയും വര്‍ധിക്കുന്നു. കഴിഞ്ഞ മൂന്നു മാസത്തിനിടെ ഇത്തരം വീടുകളുടെ വില 1.9% വര്‍ധിച്ചുവെന്നാണ് ഡി എന്‍ ജിയില്‍ നിന്നുള്ള കണക്കുകള്‍ വെളിപ്പെടുത്തുന്നത്. ആവശ്യക്കാരേറെയുള്ളതും പരിമിതമായ സ്റ്റോക്കുമാണ് വില വര്‍ധനവിന് കാരണമായതെന്ന് എസ്റ്റേറ്റ് ഏജന്റുമാര്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷത്തിന്റെ അവസാന പാദവുമായുള്ള താരതമ്യത്തിലാണ് വില വര്‍ധനവ് അടയാളപ്പെടുത്തുന്നത്. അതേ സമയം കഴിഞ്ഞ വര്‍ഷത്തെ ഈ മാസവുമായി ഒത്തുനോക്കുമ്പോള്‍ ഈ വില വര്‍ധന ഇരട്ടിയിലേറെയാണ്. മാര്‍ച്ചില്‍ അവസാനിച്ച ഒരു വര്‍ഷത്തിനുള്ളില്‍ ഡബ്ലിനിലെ സെക്കന്റ് ഹാന്റ് വീടുകളുടെ വില 4.3%മാണ് ഉയര്‍ന്നത്. ഡിസംബര്‍ അവസാനം 3.3% വരെയായിരുന്നു വില വര്‍ധന.
ഡബ്ലിനില്‍ സെക്കന്റ് ഹാന്റ് വീടിന്റെ ശരാശരി വില 2023 മാര്‍ച്ച് അവസാനം 5,19,774 യൂറോയില്‍ നിന്ന് 5,42,110 ആയി ഉയര്‍ന്നെന്ന് ഡാറ്റ പറയുന്നു.വെസ്റ്റ് ഡബ്ലിനിലാണ് വിപണിയിലെ ഏറ്റവും ഉയര്‍ന്ന വില കാണാനായത്.സൗത്ത് ഡബ്ലിനില്‍ 1.6%വും നോര്‍ത്തില്‍ 1.4%വും വില ഉയര്‍ന്നപ്പോള്‍ വെസ്റ്റില്‍ 3.7%മാണ് കൂടിയത്.
2024 മാര്‍ച്ചില്‍ അവസാനിച്ച വര്‍ഷത്തില്‍, വെസ്റ്റ് ഡബ്ലിനിലെ വില വര്‍ധനവിന്റെ നിരക്ക് നഗരത്തിന്റെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് ഇരട്ടിയിലേറെ (7.8%)യാണെന്ന് കണക്കുകള്‍ പറയുന്നു.അപ്പാര്‍ട്ട്‌മെന്റുകളുടെ വിലയും 1.3% വര്‍ധിച്ചു. 2022ന്റെ രണ്ടാം പാദത്തിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വര്‍ധനവാണിത്.
പകുതിയിലേറെ പ്രോപ്പര്‍ട്ടികളും വാങ്ങിയത് ഫസ്റ്റ് ടൈം ബയേഴ്സായിരുന്നു.ഇവരില്‍ 66% പേരും മോര്‍ട്ട്ഗേജ് എടുത്താണ് വീടുകള്‍ വാങ്ങിയത്. 25% പേര്‍ പണം നല്‍കിയും മറ്റും വീടുകള്‍ വാങ്ങിച്ചു.
എണ്ണം കുറവായിരുന്നതിനാല്‍ വാങ്ങാനെത്തിയവര്‍ തമ്മില്‍ കടുത്ത മല്‍സരമായിരുന്നു. ഇതാണ് വില വര്‍ധിച്ചതിന് കാരണമായതെന്ന് ഡി എന്‍ ജി ഡയറക്ടര്‍ ഓഫ് റിസേര്‍ച്ച് പോള്‍ മുര്‍ഗട്രോയ്ഡ് പറഞ്ഞു.ഈ പ്രവണത തുടരുമെന്നും ഇദ്ദേഹം പറയുന്നു.