കലിഫോർണിയയിലെ രണ്ടാമത്തെ ഇന്ത്യൻ കോൺസലേറ്റ് ലോസ് ഏഞ്ജലസിൽ തുറക്കുന്നു

New Update
Vgvvh

ലോസ് ഏഞ്ചലസിൽ പുതിയൊരു കോൺസലേറ്റ് ജനറൽ സ്ഥാപിക്കാൻ ഇന്ത്യ സ്ഥലം ഏറെറടുത്തു. 707 വിൽഷെയർ ബൊളിവാർഡിൽ എ ഓ എൻ സെന്ററിൽ ലീസിലെടുത്ത സ്ഥലത്തു കലിഫോർണിയയിലെ രണ്ടാമത്തേതും യുഎസിലെ ഏഴാമത്തേതുമായ കോൺസലേറ്റ് ജനറൽ സെപ്റ്റംബറിൽ തുറക്കും.  

Advertisment

പത്തു വർഷത്തേക്കുള്ള ലീസിൽ എടുത്തിട്ടുള്ളത് നഗരത്തിലെ ഏറ്റവും പ്രസ്റ്റീജ് ഓഫിസ് ടവറുകളിൽ ഒന്നായ എ ഓ എൻ സെന്ററിന്റെ 20,507 ചതുരശ്ര അടി സ്ഥലമാണ്.

സതേൺ കാലിഫോർണിയയിൽ ജീവിക്കുന്ന ഏഴു ലക്ഷത്തോളം ഇന്ത്യക്കാർക്കു പുതിയ ഓഫിസ് സുഗമമായ കോൺസുലർ സേവനങ്ങൾ നൽകും. ദീർഘകാലമായി ഉയരുന്ന ആവശ്യം ആയിരുന്നു ഇത്.

ഇതു വരെ ഈ മേഖലയിൽ ഉള്ളവരുടെ ഏക ആശ്രയം സാൻ ഫ്രാൻസിസ്‌കോ കോൺസലേറ്റ് ആയിരുന്നു.

ലോസ് ഏഞ്ജലസ് കോൺസലേറ്റ് അരിസോണ, നെവാഡ, ന്യൂ മെക്സിക്കോ എന്നിവിടങ്ങളിലുള്ള ഇന്ത്യക്കാർക്കും സേവനം നൽകും.

തെക്കൻ കാലിഫോർണിയ യുഎസ്-ഇന്ത്യ പങ്കാളിത്തത്തിൽ സുപ്രധാന മേഖലയാണെന്നു അമൃത് ഇങ്ക് സി ഇ ഓ: ഗുൻജൻ ബാഗ്ല പറഞ്ഞു. എയ്‌റോസ്‌പേയ്‌സ്, ഇലക്ട്രിക്ക് വാഹനങ്ങൾ, വിനോദ വ്യവസായങ്ങൾ എന്നിവയുള്ള മേഖലയാണിത്.

ലോസ് ഏഞ്ജലസ് പോർട്ട് മുംബൈ, മുന്ദ്ര എന്നിവിടങ്ങളിലേക്കു ഗ്രീൻ ഷിപ്പിംഗ് കോറിഡോർ ആലോചിക്കുന്നുണ്ട്. ഉന്നത വിദ്യാഭ്യാസ കേന്ദ്രവുമാണ് ലോസ് ഏഞ്ജലസ്.

ഇതോടെ രണ്ടു ഇന്ത്യൻ കോൺസലേറ്റുകൾ പ്രവർത്തിക്കുന്ന ഒരേയൊരു യുഎസ് സംസ്ഥാനമായി കാലിഫോർണിയ. സംസ്ഥാനത്തെ വർധിക്കുന്ന ഇന്ത്യൻ സാന്നിധ്യം അതിനൊരു കാരണമായി.

പരിചയ സമ്പന്നനായ നയതന്ത്ര ഉദ്യോഗസ്ഥൻ ഡോക്ടർ കെ. ജെ. ശ്രീനിവാസ ആണ് ലോസ് ഏഞ്ചലസിൽ കോൺസൽ ജനറൽ ആവുക. ഇപ്പോൾ സാൻ ഫ്രാൻസിസ്കോയിൽ ഡപ്യൂട്ടി കോൺസൽ ജനറലാണ്.

Advertisment