2024 പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടയിൽ ജൂലൈ 13നു പെൻസിൽവേനിയയിലെ ബട്ട്ലറിൽ വച്ചു ഡോണൾഡ് ട്രംപിനു വെടിയേൽക്കുമ്പോൾ അദ്ദേഹത്തിന് യുഎസ് സീക്രട്ട് സർവീസ് നൽകിയിരുന്ന സുരക്ഷ ഞെട്ടിക്കുന്ന പരാജയം ആയിരുന്നുവെന്നു യുഎസ് സെനറ്റ് പുറത്തു വിട്ട റിപ്പോർട്ടിൽ പറയുന്നു.
സെനറ്റ് ഹോംലാൻഡ് സെക്യൂരിറ്റി ആൻഡ് ഗവൺമെന്റ് അഫെയേഴ്‌സ് കമ്മിറ്റി ചെയർമാൻ റാൻഡ് പോൾ ഞായറാഴ്ച്ച പുറത്തു വിട്ട റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത് ആക്രമണം നടത്തിയ തോമസ് ക്രൂക്സിനെ (20) കുറിച്ച് മുൻകൂട്ടി നൽകിയ താക്കീതുകൾ സീക്രട്ട് സർവീസ് അവഗണിച്ചു എന്നാണ്. ആറു ഏജന്റുമാരെ അതിന്റെ പേരിൽ സീക്രട്ട് സർവീസ് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.
ബട്ട്ലർ ഫാം ഷോ റാലി നടക്കുന്നതിനടുത്തു അമേരിക്കൻ ഗ്ലാസ് റിസർച്ച് കെട്ടിടത്തിന്റെ മുകളിൽ കയറി ക്രൂക്സ് നടത്തിയ വെടിവയ്‌പിൽ ചെവിയിലേറ്റ മുറിവുമായി ട്രംപ് രക്ഷപ്പെട്ടെങ്കിലും മറ്റു നാലു പേർ കൊല്ലപ്പെട്ടു. ക്രൂക്സ് തോക്കുമായി പരിസരത്തു എത്തിയിട്ടുണ്ടെന്നു 25 മിനിറ്റ് മുൻപ് സീക്രട്ട് സർവീസിനെ അറിയിച്ചിരുന്നു.
രണ്ടു പാർട്ടികളുടെയും അംഗങ്ങൾ ഉൾപ്പെട്ട സമിതിയാണ് സെനറ്റിന്റെ അന്വേഷണം നയിച്ചത്. "ബട്ട്ലറിൽ സംഭവിച്ചത് വെറുമൊരു ദുരന്തമല്ല, അതൊരു അപവാദമാണ്," റാൻഡ് പോൾ പറഞ്ഞു. "വിശ്വസനീയമായ ഇന്റൽ ലഭ്യമായിട്ടും സീക്രട്ട് സർവീസ് പ്രവർത്തിച്ചില്ല. പോലീസുമായി സഹകരിച്ചു അന്ന് മുൻ പ്രസിഡന്റ് ആയിരുന്ന ട്രംപിന്റെ ജീവൻ കാക്കാൻ അവർ ശ്രദ്ധ വച്ചില്ല.
"എന്നിട്ടും ഉത്തരവാദികളായ ആരെയും പിരിച്ചു വിട്ടില്ല. ഉദ്യോഗസ്ഥ വൃന്ദത്തിന്റെ അലംഭാവം മൂലമുണ്ടായ സമ്പൂർണമായ സുരക്ഷാ വീഴ്ച ആയിരുന്നു അത്. ഉത്തരവാദികളായ വ്യക്തികളെ ശിക്ഷിക്കയും പരിഷ്കരണം നടപ്പാക്കി ഇതൊന്നും വീണ്ടും ആവർത്തിക്കില്ലെന്നു ഉറപ്പു വരുത്തുകയും ചെയ്യണം."
പ്രചാരണ സമയത്തു ട്രംപിന്റെ സുരക്ഷ കൂട്ടാനുളള 10 അപേക്ഷകളെങ്കിലും സീക്രട്ട് സർവീസ് തള്ളിയതായി കമ്മിറ്റി കണ്ടെത്തി.
ആരോപണങ്ങൾ ചീറ്റിൽ തള്ളുന്നു
വെടിവയ്‌പിനു പിന്നാലെ സീക്രട്ട് സർവീസ് ഡയറക്റ്റർ സ്ഥാനം രാജിവച്ച കിംബെർലി ചീറ്റിൽ സെനറ്റിന്റെ റിപ്പോർട്ടിലെ പല പരാമർശങ്ങളെയും തള്ളി. "സുരക്ഷ മെച്ചപ്പെടുത്താനുള്ള അപേക്ഷകൾ അംഗീകരിക്കയോ തള്ളിക്കളയുകയോ ചെയ്യുന്ന ജോലി ഡയറക്റ്റർ ചെയ്യാറില്ല," അവർ പറഞ്ഞു. "ബട്ട്ലർ റാലിക്കു ഞാൻ കൂടുതൽ സുരക്ഷയ്ക്കു ഉത്തരവിട്ടിരുന്നു. പ്രത്യേകിച്ചു തിരിച്ചു വെടിവയ്ക്കുന്ന ഏജന്റുമാരെ നിയോഗിക്കാൻ."
അത്തരം അപേക്ഷകളൊന്നും നിരസിച്ചില്ല എന്നു സെനറ്റിൽ കിംബെർലി ചീറ്റിൽ പറഞ്ഞത് നുണയാണെന്ന് റാൻഡ് പോൾ ആരോപിച്ചിരുന്നു. അത് മാനനഷ്ടം ഉണ്ടാക്കുന്ന അസത്യമാണെന്നു ചീറ്റിൽ ചൂണ്ടിക്കാട്ടി. "സുരക്ഷ നൽകിയ ധീരരായ സ്ത്രീ പുരുഷന്മാരെ അവഹേളിക്കലാണത്."
ബൈഡൻ ഭരണകൂടം നിയമിച്ച സ്വതന്ത്ര സമിതിയും സർവീസിന്റെ ദയനീയമായ അലംഭാവം കണ്ടെത്തിയിരുന്നു.