സെനറ്റർ കെല്ലിയും ഗവർണർ ഷാപിറോയും ഹാരിസിന്റെ വി പി പട്ടികയിൽ ഏറ്റവും മുന്നിലെന്നു റിപ്പോർട്ട്

New Update
vhbjhbjhkjnkjjk

വൈസ് പ്രസിഡന്റ് കമലാ ഹാരിസ് ഡെമോക്രാറ്റിക്‌ പ്രസിഡന്റ് സ്ഥാനാർഥിയെന്ന നിലയിൽ തന്റെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി അരിസോണ സെനറ്ററും ബഹിരാകാശ യാത്രികനുമായ മാർക് കെല്ലിയെ (60) തിരഞ്ഞടുക്കാനുള്ള സാധ്യത വർധിച്ചതായി പാർട്ടി വൃത്തങ്ങൾ പറഞ്ഞു. പെൻസിൽവേനിയ ഗവർണർ ജോഷ് ഷാപിറോ (51) കെല്ലിക്കൊപ്പം മുൻനിരയിൽ ഉണ്ടെങ്കിലും കൂടുതൽ സാധ്യത കെല്ലിക്കു തന്നെയെന്നാണ് അവർ പറയുന്നത്.

Advertisment

യഹൂദനായ ഷാപിറോയ്ക്ക് എതിരായ പ്രധാനഘടകം ഇസ്രയേലിനു  വേണ്ടിയുള്ള അദ്ദേഹത്തിന്റെ തീവ്ര നിലപാടുകൾ അറബ്-മുസ്ലിം സമൂഹങ്ങളെ വെറുപ്പിച്ചിട്ടുണ്ട് എന്നതാണ്.ഇരുവരും സ്ഥിരമായി ഒരു പാർട്ടിയെ വിജയിപ്പിക്കുന്ന സ്വഭാവമില്ലാത്ത സ്വിങ് സ്റ്റേറ്ററുകളിൽ നിന്നാണ് വരുന്നത്. ഈ സ്റ്റേറ്റുകളിലെ വിജയം പ്രധാനമാണ് എന്നിരിക്കെ ഡെമോക്രറ്റുകൾക്കു കൂടുതൽ വെല്ലുവിളി അരിസോണയിലാണ് എന്നത് കെല്ലിക്ക് അനുകൂല ഘടകമാവുന്നു.

അതിർത്തി വിഷയം തിരഞ്ഞെടുപ്പിൽ നിർണായകമാണ് എന്നിരിക്കെ അതിന്റെ പ്രശ്നങ്ങൾ ഏറ്റവും നേരിടുന്ന സംസ്ഥാനത്തു നിന്നു വരുന്നു എന്നത് കെല്ലിക്കു പ്രസക്തി ഏറ്റുന്നു. നെടുനാൾ ഡെമോക്രാറ്റിക്‌ ആയിരുന്ന പെൻസിൽവേനിയ 2016ൽ ഡൊണൾഡ് ട്രംപ് നേടി എന്നതു കൊണ്ട് ആ സംസ്ഥാനവും തുല്യ പ്രാധാന്യം നേടുന്നു. അരിസോണ പ്രസിഡന്റ് ബൈഡൻ 2020ൽ പിടിച്ചതാണ്.ഹാരിസ് ചർച്ചകൾ  തുടരുന്നതേയുള്ളൂ എന്നു ഡെമോക്രാറ്റിക്‌ വൃത്തങ്ങൾ പറഞ്ഞു.

നാസയുടെ ബഹിരാകാശ യാത്രികനായിരുന്ന കെല്ലിയുടെ ഭാര്യ ഗാബിക്കു യുഎസ് ഹൌസ് അംഗം ആയിരിക്കെ 2011ൽ വെടിയേറ്റു.  മരണത്തെ അതിജീവിച്ച അവരും കെല്ലിയും സംസ്ഥാനത്തു ഏറെ ജനപ്രീതി ഉള്ളവരാണ്. റിപ്പബ്ലിക്കൻ സെനറ്റർ ആയിരുന്ന ജോൺ മക്കെയ്ൻ വിജയിച്ചിരുന്ന സീറ്റ് അദ്ദേഹത്തിന്റെ മരണ ശേഷം കെല്ലി നേടിയത് ആ ജനപ്രീതി കൊണ്ടാണ്.കെല്ലി തികച്ചും അർഹനായ സ്ഥാനാർഥിയാണെന്നു മക്കെയ്ൻറെ പുത്രി മെഗാൻ പറഞ്ഞു. "അദ്ദേഹത്തെയും ഗാബിയെയും അരിസോണയ്ക്കു ഇഷ്ടമാണ്. അദ്ദേഹത്തിന്റെ സൈനിക-നാസാ പശ്ചാത്തലങ്ങൾ വളരെ ആവേശം പകരുന്നു.

റിപ്പബ്ലിക്കൻ പാർട്ടിക്ക് അപകടമാവുന്ന സ്ഥാനാർഥിയാണ് കെല്ലി."ഡെമോക്രാറ്റിക്‌ പാർട്ടിയുടെ കമ്മ്യൂണിക്കേഷൻസ് ഡയറക്റ്റർ ആയിരുന്ന മാറ്റ് ഗ്രോഡ്ക്‌സി പറഞ്ഞു: "ദേശീയതലത്തിൽ അറിയപ്പെട്ട ഒരാളെ വേണം. കെല്ലി അതിനു മികച്ചയാളാണ്."നാവിക സേനയിൽ സുപ്രധാന ദൗത്യങ്ങൾ കെല്ലി നിർവഹിച്ചിട്ടുണ്ട്. മിഡിൽ ഈസ്റ്റിൽ ഇറാഖിനെതിരായ യുദ്ധത്തിൽ അദ്ദേഹം പങ്കെടുത്തു. നാലു തവണ ബഹിരാകാശത്തേക്കു യാത്ര ചെയ്തു.

സൈനിക വിഷയങ്ങൾ, ബഹിരാകാശ ദൗത്യങ്ങൾ, വിദേശ നയം എന്നിങ്ങനെ പല കാര്യങ്ങളിലും ആധികാരികമായി സംസാരിക്കാൻ കഴിയുന്ന ആളാണ് കെല്ലിയെന്നു ഗ്രോഡ്ക്‌സി പറഞ്ഞു.നോർത്ത് കരളിന ഗവർണർ റോയ് കൂപ്പർ, കെന്റക്കി ഗവർണർ ആൻഡി ബെഷെയർ എന്നിവരും ഹാരിസിന്റെ പരിഗണനയിലുണ്ട്.



 

Advertisment