സതേൺ കാലിഫോർണിയ, ബേ ഏരിയകളിൽ പ്രധാനമായും ഇന്ത്യൻ ഉടമയിലുള്ള സ്വർണ കടകളിൽ നടക്കുന്ന കവർച്ചകൾ ഭീതി പരത്തുന്നു. മോഷ്ടിച്ച വാഹനങ്ങളിൽ വന്നു സംഘങ്ങൾ നടത്തിയ കവർച്ചകളിൽ മില്യണുകളുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്.
ഏറ്റവും ഒടുവിൽ ജൂലൈ ഒന്നിന് വൈകിട്ട് ആറു മണിയോടെ ആര്ടെഷ്യ പയനിയർ ബൊളിവാർഡിൽ ആംബർ ജ്യുവലേഴ്‌സ് ആൻഡ് വാച്ച് പാലസിൽ നടന്ന കവർച്ചയിൽ മുഖം മൂടി ധരിച്ച 12 പേരെ വീഡിയോ ദൃശ്യങ്ങളിൽ കണ്ടു. മിന്നൽ വേഗത്തിൽ അതിക്രമിച്ചു കടന്ന അവർ കൈയ്യിൽ കിട്ടിയതെല്ലാം അടിച്ചെടുത്തു കടന്നു.
അതിനു രണ്ടു ദിവസം മുൻപ് ജൂൺ 29നു സണ്ണിവെയ്‌ലിൽ ഈസ്റ്റ് എൽ കാമിനോ റിയൽ 1000 ബ്ലോക്കിൽ ഉച്ചകഴിഞ്ഞു 2:45നു സ്വർണ്ണക്കടയിൽ കവർച്ച നടന്നു. കവർച്ച സംഘം വന്നത് മോഷ്ടിച്ച വാഹനത്തിൽ. കടയിൽ കടന്നു ചുറ്റിക ഉപയോഗിച്ചു ചില്ലുകൾ തകർത്തു ആഭരണങ്ങൾ കവർന്നു.
ഈ കവർച്ചയ്ക്ക് ആകെ എടുത്തത് 90 സെക്കണ്ടിനു താഴെ സമയമാണെന്നു വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാകുന്നു. കട ഉടമയ്ക്കു പരുക്കേറ്റിട്ടുണ്ട്. കവർച്ച സംഘം സഞ്ചരിച്ചിരുന്ന വാഹനം പോലീസ് കണ്ടെടുത്തു.
ബേ ഏരിയയിൽ എട്ടു ഇന്ത്യൻ ആഭരണ കടകളെങ്കിലും കവർച്ച ചെയ്യപ്പെട്ടു. അതിൽ നിതിൻ ജ്യുവലേഴ്‌സ്, പി എൻ ജി ജ്യുവലേഴ്‌സ് സണ്ണിവെയ്ൽ, ഭിന്ദി ജ്യുവലേഴ്‌സ് നുവാർക്, ബോംബെ ജ്യുവലറി ബെർക്കിലി, കുമാർ ജ്യുവലേഴ്‌സ് ഫ്രീമോണ്ട്, ബി ജെ ജ്യുവലേഴ്‌സ് ഡബ്ലിൻ എന്നിവ ഉൾപ്പെടുന്നു.
പി എൻ ജി, കുമാർ ജ്യുവലേഴ്‌സ് കവർച്ചകളിൽ ചിലരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.