ഡാലസ്-ഫോർട്ട് വർത്ത് മേഖലയിൽ ഞായറാഴ്ച വൈകുന്നേരം ശക്തമായ കൊടുങ്കാറ്റ് വീശി. തെക്കൻ ഫോർട്ട് വർത്ത് മുതൽ ആർലിങ്ടൺ വരെ വ്യാപകമായ നാശനഷ്ടം റിപ്പോർട്ട് ചെയ്തു. ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും പുറമെ വലിയ ആലിപ്പഴവും വീഴ്ചയും നാശനഷ്ടങ്ങൾക്ക് കാരണമായി. സംഭവത്തിൽ ഒട്ടറെ പേർക്ക് പരുക്കേറ്റു.
കൊടുങ്കാറ്റിൽ നിരവധി മരങ്ങൾ കടപുഴകി വീണു, വാഹനങ്ങളുടെ ജനലുകൾ തകർന്നു. പല താമസക്കാർക്കും വീടുകളും പരിസരവും വൃത്തിയാക്കുന്നതിനായി ഏറെ സമയം ചെലവഴിക്കേണ്ടിവന്നു. തിങ്കളാഴ്ച പുലർച്ചെ വരെ പലരും കേടുപാടുകൾ നന്നാക്കുന്ന തിരക്കിലായിരുന്നു.
ആലിപ്പഴ വർഷത്തോടൊപ്പം അപകടകരമായ മിന്നലും ഉണ്ടായിരുന്നു. ബെൻബ്രൂക്ക് തടാകത്തിലെ മുസ്താങ് പാർക്കിൽ രാത്രി 8.20 ഓടെ ഒരു മേലാപ്പിന് കീഴിൽ അഭയം തേടിയ 14 പേർക്ക് ഇടിമിന്നലേറ്റതായി അധികൃതർ അറിയിച്ചു. മേലാപ്പ് വൈദ്യുതിയുടെ ചാലകമായി പ്രവർത്തിച്ചതാണ് അപകട കാരണം.