അറ്റ്ലാന്റ: പ്രതികൂല കാലാവസ്ഥയെയും രാത്രി മുഴുവൻ തുടർന്ന ആലിപ്പഴ വീഴ്ചയെയും തുടർന്ന് അറ്റ്ലാന്റയിലെ ഹാർട്സ്ഫീൽഡ്-ജാക്സൺ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും ഇവിടെ നിന്നുമുള്ള 400 ലധികം വിമാനങ്ങൾ ശനിയാഴ്ച റദ്ദാക്കി. മോശം കാലാവസ്ഥയെ തുടർന്ന് 478 വിമാനങ്ങളാണ് റദ്ദാക്കിയത് . 617 വിമാനങ്ങൾ വൈകുകയും ചെയ്തു.
അറ്റ്ലാന്റയിൽ പ്രധാന കേന്ദ്രമുള്ള ഡെൽറ്റ എയർ ലൈൻസിന് പ്രതികൂല കാലാവസ്ഥ മൂലം വലിയ തിരിച്ചടിയാണ് നേരിടേണ്ടിവന്നത് . രാജ്യത്തുടനീളം ശനിയാഴ്ച ഡെൽറ്റയുടെ 542 വിമാനങ്ങൾ റദ്ദാക്കുകയും 684 വിമാനങ്ങൾ വൈകുകയും ചെയ്തു.
റീഗൻ നാഷണൽ, ഷാർലറ്റ്, ഡാളസ്-ഫോർട്ട് വർത്ത് എന്നിവിടങ്ങളിൽ കാലാവസ്ഥയുമായി ബന്ധപ്പെട്ട തടസങ്ങളെ തുടർന്ന് അമേരിക്കൻ എയർലൈൻസിന് ശനിയാഴ്ച 223 വിമാനങ്ങൾ രാജ്യവ്യാപകമായി റദ്ദാക്കേണ്ടി വന്നു.
വെള്ളിയാഴ്ച്ച രാത്രിയിലെ ആലിപ്പഴ വീഴ്ചയിൽ ഉണ്ടായേക്കാവുന്ന കേടുപാടുകളുടെ സാദ്ധ്യതകൾ കണക്കിലെടുത്ത് ഏകദേശം 100 ഡെൽറ്റ എയർലൈൻസ് വിമാനങ്ങൾ രാത്രി മുഴുവൻ പരിശോധിച്ചെങ്കിലും ശനിയാഴ്ച മിക്കവാറും എല്ലാ സർവീസുകളും നടത്താൻ സാധിച്ചതായി ഡെൽറ്റ വക്താവ് പറഞ്ഞു.
അറ്റ്ലാന്റയിലെ ഹാർട്ട്സ്ഫീൽഡ്-ജാക്സൺ വിമാനത്താവളത്തിന് ചുറ്റുമുള്ള വിമാനങ്ങൾ നിയന്ത്രിക്കുന്ന എയർ ട്രാഫിക് കൺട്രോൾ ടവർ 'ശക്തമായ കാറ്റി'നെ തുടർന്ന് വെള്ളിയാഴ്ച വൈകുന്നേരം താൽക്കാലികമായി ഒഴിപ്പിച്ചു എന്ന് എഫ്എഎ അറിയിച്ചു. പ്രദേശത്തെ വ്യോമ ഗതാഗതം കൈകാര്യം ചെയ്യാൻ കുറച്ച് കൺട്രോളർമാർ മാത്രമാണ് താമസിച്ചിരുന്നതെന്ന് ഏജൻസി പറഞ്ഞു.