/sathyam/media/media_files/2025/09/23/gvv-2025-09-23-05-03-06.jpg)
മുതിർന്ന പൗരന്മാരെ ഓൺലൈൻ തട്ടിപ്പുകളിൽനിന്ന് സംരക്ഷിക്കാൻ പുതിയ ആപ്ലിക്കേഷൻ വികസിപ്പിച്ച ഇന്ത്യൻ-അമേരിക്കൻ വിദ്യാർത്ഥിനി തേജസ്വി മനോജ് ടൈം മാഗസിൻ്റെ 2025-ലെ 'കിഡ് ഓഫ് ദ ഇയർ' പുരസ്‌കാരത്തിന് അർഹയായി. ലെബനൻ ട്രെയിൽ ഹൈസ്കൂളിലെ സീനിയർ വിദ്യാർത്ഥിനിയാണ് 17-കാരിയായ തേജസ്വി.
താങ്കളുടെ മുത്തച്ഛൻ ഒരു ഇമെയിൽ തട്ടിപ്പിൽ അകപ്പെടാതിരുന്നത് തേജസ്വിക്ക വലിയ പ്രചോദനമായി. ഇതോടെയാണ് മുതിർന്ന പൗരന്മാർക്ക് സംശയാസ്പദമായ സന്ദേശങ്ങൾ തിരിച്ചറിയാനും തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യാനും സഹായിക്കുന്ന 'ഷീൽഡ് സീനിയേഴ്സ്' എന്ന വെബ്സൈറ്റ് തേജസ്വി വികസിപ്പിച്ചത്. നിലവിൽ സ്വകാര്യ പരിശോധനയിലുള്ള ഈ പ്രോജക്റ്റ് 2024-ലെ കോൺഗ്രഷണൽ ആപ്പ് ചലഞ്ചിൽ ഉൾപ്പെടെ ദേശീയ അംഗീകാരം നേടിയിട്ടുണ്ട്.
മിഡിൽ സ്കൂൾ കാലഘട്ടം മുതൽ കോഡിംഗിൽ അതീവ താല്പര്യമുള്ള തേജസ്വി, 'ഗേൾസ് ഹൂ കോഡ്', 'സൈബർ-പാട്രിയോട്ട്', 'മാർക്ക് ക്യൂബൻ എഐ ബൂട്ട്ക്യാമ്പ്' തുടങ്ങിയ പ്രോഗ്രാമുകളിലൂടെ തന്റെ കഴിവുകൾ കൂടുതൽ മെച്ചപ്പെടുത്തി. ടെഡ് എക്സ് ടോക്കുകളിലൂടെയും മുതിർന്ന പൗരന്മാർക്കായുള്ള സെമിനാറുകളിലൂടെയും തേജസ്വി തന്റെ സാങ്കേതിക അറിവുകൾ പങ്കുവെക്കുന്നു.
സാങ്കേതിക രംഗത്തിന് പുറമെ, ഒരു 'ഈഗിൾ സ്‌കൗട്ട്' കൂടിയായ തേജസ്വി മികച്ച വയലിനിസ്റ്റുമാണ്. നോർത്ത് ടെക്സസ് ഫുഡ് ബാങ്ക്, വിഭതുടങ്ങിയ സംഘടനകളിലെ സജീവ വളണ്ടിയർ കൂടിയാണ് ഈ മിടുക്കി. തന്റെ നവീകരണങ്ങളെയും സാമൂഹിക സേവനങ്ങളെയും അഭിനന്ദിച്ച് ടെക്സസ് ഗവർണർ ഗ്രെഗ് ആബോട്ട് ഉൾപ്പെടെയുള്ള പ്രമുഖർ രംഗത്തെത്തി.
"നിങ്ങൾ തനിച്ചല്ല എന്ന തോന്നൽ ആളുകളിൽ ഉണ്ടാക്കുകയാണ് ഇതിലൂടെ ഞാൻ ലക്ഷ്യമിടുന്നത്," തേജസ്വി ടൈം മാഗസിനോട് പറഞ്ഞു. "തട്ടിപ്പിന് ഇരയാകുന്നത് നാണക്കേടുള്ള കാര്യമല്ല, അത് റിപ്പോർട്ട് ചെയ്യുന്നത് മറ്റുള്ളവരെയും സംരക്ഷിക്കാൻ സഹായിക്കും."2021-ന് ശേഷം 'കിഡ് ഓഫ് ദ ഇയർ' പദവി ലഭിക്കുന്ന നോർത്ത് ടെക്സാസിൽ നിന്നുള്ള ആദ്യ വിദ്യാർത്ഥിയാണ് തേജസ്വി മനോജ്. ഇതോടെ സാങ്കേതിക മേഖലയിലെയും സമൂഹിക സേവന മേഖലയിലെയും വളർന്നുവരുന്ന ഒരു നേതാവായി തേജസ്വി മനോജ് മാറിയിരിക്കുകയാണ്.