യൂട്ടാ സംസ്ഥാനത്തു രണ്ടാമത്തെ വലിയ നഗരമായ വെസ്റ്റ് വാലി സിറ്റിയിൽ ഞായറാഴ്ച്ച രാത്രി വെസ്റ്റ്ഫെസ്റ്റ് ഉത്സവം സമാപിക്കുമ്പോൾ നടന്ന വെടിവയ്പ്പിൽ 8 മാസം പ്രായമുളള കുട്ടി ഉൾപ്പെടെ മൂന്നു പേർ മരിച്ചു.
കൊല്ലപ്പെട്ട മറ്റു രണ്ടു പേർ 41 വയസുള്ള സ്ത്രീയും 18കാരനുമാണെന്നു പോലീസ് പറഞ്ഞു. രണ്ടു കൗമാരക്കാർക്കു വെടിയേറ്റു പരുക്കു പറ്റിയിട്ടുണ്ട്.
അക്രമിയെന്നു സംശയിക്കുന്ന 16 കാരനെ കസ്റ്റഡിയിൽ എടുത്തു. ഇപ്പോൾ മറ്റാരെയും തിരയുന്നില്ലെന്നു വെസ്റ്റ് വാലി സിറ്റി പോലീസ് വക്താവ് റോക്‌സനെ വൈനുക്കു പറഞ്ഞു.
സെന്റെനിയൽ പാർക്കിൽ ഞായറാഴ്ച്ച രാത്രി 9:20നാണു വെടിവയ്പുണ്ടായത്. രണ്ടു വിഭാഗം ആളുകൾ തമ്മിൽ രൂക്ഷമായ തർക്കം ഉണ്ടായെന്നു പോലീസ് പറയുന്നു. പോലീസ് അടുത്തപ്പോൾ 16കാരൻ തോക്കെടുത്തു വെടിവച്ചു.
പോലീസ് തിരിച്ചു വെടിവയ്ക്കാതെ അയാളെ കീഴ്പെടുത്തി. വെടിവയ്‌പിനു പ്രകോപനം എന്തെന്നു വ്യക്തമായിട്ടില്ല.