/sathyam/media/media_files/2025/04/29/aX8amsZl1SYs6KxHBp9q.jpg)
ഗ്രീൻവില്ലെ കൗണ്ടി : ഗ്രീൻവില്ലെ കൗണ്ടിയിൽ അഞ്ചുവയസ്സുകാരൻ വെടിയേറ്റു മരിച്ച സംഭവത്തിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച വൈകുന്നേരം 5:30 ഓടെ ഫ്ലീറ്റ്‌വുഡ് ഡ്രൈവിലെ ദി ബെല്ലെ മീഡ് അപ്പാർട്ട്‌മെന്റിൽ വെടിവയ്പ്പുണ്ടായതായി ലഭിച്ച വിവരത്തെത്തുടർന്ന് ഗ്രീൻവില്ലെ കൗണ്ടി ഡപ്യൂട്ടികൾ സ്ഥലത്തെത്തി.
വെടിയേറ്റ മൂന്ന് പേരിൽ രണ്ടുപേർ അഞ്ചുവയസ്സുള്ള ഇരട്ടക്കുട്ടികളും ഒരാൾ 18 വയസ്സുള്ള വ്യക്തിയാണെന്നും ഷെരീഫ് ഹൊബാർട്ട് ലൂയിസ് പറഞ്ഞു. വെടിവയ്പ്പുണ്ടായപ്പോൾ ഇവർ അപ്പാർട്ട്‌മെന്റ് സമുച്ചയത്തിനകത്തായിരുന്നു. ഇരട്ടകളിൽ ഒരാൾ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചതായി ഗ്രീൻവില്ലെ കൗണ്ടി കൊറോണർ സ്ഥിരീകരിച്ചു. മരിച്ച കുട്ടി ബ്രൈറ്റ് ഷാലോം അക്കോയ് ആണ്. പോസ്റ്റ്‌മോർട്ടത്തിൽ കുട്ടിയുടെ മരണം വെടിയേറ്റ മുറിവ് മൂലമാണെന്നും ഇത് കൊലപാതകമാണെന്നും കണ്ടെത്തി.
ഇരട്ടക്കുട്ടികളിൽ ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. 18 വയസ്സുള്ളയാൾ ആശുപത്രിയിൽ ചികിത്സയിലാണ്, ഇയാൾ അപകടനില തരണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നത്. ഈ വെടിവയ്പ്പുമായി ബന്ധപ്പെട്ട് 31 വയസ്സുള്ള ഷോണ്ടേസ ലാ ഷേ ഷെർമാനെതിരെ കൊലപാതകം, കൊലപാതകശ്രമം, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തി കേസെടുത്തിട്ടുണ്ട്.