വൈറ്റ് ഹൗസിന് സമീപം വെടിവയ്പ്പ്: രണ്ട് സൈനികർക്ക് ഗുരുതര പരുക്ക്; ആക്രമണം നടത്തിയവർ കനത്ത വില നൽകേണ്ടിവരുമെന്ന് ട്രംപ്

New Update
‘Won’t back down’: Donald Trump on sweeping tariffs on imports from across the globe

വാഷിങ്ടൻ ഡി.സി: വാഷിങ്ടൻ ഡി.സിയിൽ വൈറ്റ് ഹൗസിന് സമീപം നാഷനൽ ഗാർഡ് അംഗങ്ങൾക്ക് നേരെ നടന്ന വെടിവയ്പ്പിൽ രണ്ട് സൈനികർക്ക് ഗുരുതരമായി പരുക്കേറ്റു. വൈറ്റ് ഹൗസിൽ നിന്ന് ഏതാനും ബ്ലോക്കുകൾ മാത്രം അകലെയാണ് ഈ ആക്രമണം നടന്നത്.

Advertisment

വെടിവയ്പ്പിൽ പരുക്കേറ്റ ഇരുവരും വെസ്റ്റ് വെർജീനിയ നാഷനൽ ഗാർഡിലെ അംഗങ്ങളാണെന്ന് വെസ്റ്റ് വെർജീനിയ ഗവർണർ പാട്രിക് മോറിസി അറിയിച്ചു. ഇരുവരും അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇവരുടെ നില ഗുരുതരമാണെന്ന് എഫ്ബിഐഡയറക്ടർ കാഷ് പട്ടേലും വാഷിങ്ടൻ മേയർ മുറിയൽ ബൗസറും സ്ഥിരീകരിച്ചു.

ഇത് നാഷനൽ ഗാർഡ് അംഗങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണമായിരുന്നു. വെടിവയ്പ്പിന് ശേഷം സംഭവസ്ഥലത്തുണ്ടായിരുന്ന മറ്റ് സൈനികർ ചേർന്ന് പ്രതിയെന്ന് കരുതുന്നയാളെ കീഴ്പ്പെടുത്തുകയായിരുന്നുവെന്ന് മേയർ മുറിയൽ ബൗസർ അറിയിച്ചു. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾക്കും വെടിയേറ്റിട്ടുണ്ടെങ്കിലും പരുക്ക് ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു. വെടിവയ്പ്പിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് ഡി.സി. പൊലീസ് ചീഫ് ജെഫ്രി കരോൾ പറഞ്ഞു.

ഈ കൃത്യം ചെയ്തവർക്ക് കനത്ത വില നൽകേണ്ടിവരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. സംഭവത്തെ തുടർന്ന് തലസ്ഥാനത്തേക്ക് 500 അധിക നാഷനൽ ഗാർഡ് അംഗങ്ങളെ കൂടി അയക്കാൻ ട്രംപ് ഉത്തരവിട്ടു. നിലവിൽ നഗരത്തിൽ 2,200ഓളം സൈനികരാണ് സംയുക്ത ദൗത്യ സേനയുടെ ഭാഗമായി വിന്യസിച്ചിട്ടുള്ളത്.

Advertisment