അമേരിക്കയും ബംഗ്ലാദേശും തമ്മിലുള്ള പുതിയ ഉഭയകക്ഷി വ്യാപാര കരാർ ഒപ്പുവെച്ചു, തീരുവ 19 ശതമാനമാക്കി കുറച്ചു

New Update
G

ധാക്ക: അമേരിക്കയും ബംഗ്ലാദേശും തമ്മിലുള്ള പുതിയ ഉഭയകക്ഷി വ്യാപാര കരാർ തിങ്കളാഴ്ച ഒപ്പുവെച്ചു. കരാർ പ്രകാരം ബംഗ്ലാദേശിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് അമേരിക്ക ചുമത്തിയിരുന്ന പകരം തീരുവ 19 ശതമാനമാക്കി കുറച്ചു. നേരത്തെ ഇത് 37 ശതമാനമായി വർദ്ധിപ്പിക്കാൻ അമേരിക്ക തീരുമാനിച്ചിരുന്നുവെങ്കിലും പിന്നീട് ഓഗസ്റ്റിൽ 20 ശതമാനമായി കുറച്ചിരുന്നു. ഇപ്പോൾ ഒപ്പിട്ട കരാറിലൂടെ ഇതിൽ വീണ്ടും ഇളവ് ലഭിച്ചിരിക്കുകയാണ്. ബംഗ്ലാദേശ് പൊതുതിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ഈ സുപ്രധാന നീക്കം.

Advertisment

ബംഗ്ലാദേശിന്റെ സാമ്പത്തിക നട്ടെല്ലായ വസ്ത്ര നിർമ്മാണ മേഖലയ്ക്ക് പുതിയ കരാർ വലിയ ഉണർവ് നൽകും.

അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന പരുത്തിയും മറ്റ് കൃത്രിമ നൂലുകളും ഉപയോഗിച്ച് നിർമ്മിക്കുന്ന തുണിത്തരങ്ങൾക്കും വസ്ത്രങ്ങൾക്കും അമേരിക്കയിൽ നികുതി രഹിത പ്രവേശനം അനുവദിക്കുമെന്നതാണ് കരാറിലെ ഏറ്റവും ശ്രദ്ധേയമായ വശം. ആഗോള തുണി വിതരണ ശൃംഖലയിൽ ബംഗ്ലാദേശിന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനും ലക്ഷക്കണക്കിന് വരുന്ന തൊഴിലാളികളുടെ ജോലി സംരക്ഷിക്കുന്നതിനും ഈ ചുവടുവെയ്പ്പ് സഹായിക്കുമെന്ന് ബംഗ്ലാദേശ് ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ് വ്യക്തമാക്കി.

പകരമായി അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് തങ്ങളുടെ വിപണിയിൽ കൂടുതൽ സൗകര്യങ്ങൾ ബംഗ്ലാദേശും വാഗ്ദാനം ചെയ്‌തിട്ടുണ്ട്. അമേരിക്കൻ നിർമ്മിത വാഹനങ്ങൾ, രാസവസ്‌തുക്കൾ, മെഡിക്കൽ ഉപകരണങ്ങൾ, കാർഷിക ഉൽപ്പന്നങ്ങൾ എന്നിവയ്ക്ക് ബംഗ്ലാദേശ് വിപണിയിൽ മുൻഗണന ലഭിക്കും. കൂടാതെ, ബിമാൻ ബംഗ്ലാദേശ് എയർലൈൻസ് 14 ബോയിംഗ് വിമാനങ്ങൾ വാങ്ങുന്നതിനും പ്രതിരോധ ഉപകരണങ്ങൾ അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നതിനും കരാറിൽ ധാരണയായിട്ടുണ്ട്. ഇന്ത്യയുമായുള്ള വ്യാപാര കരാറിൽ നികുതി 18 ശതമാനമായി കുറച്ചതിന് പിന്നാലെയാണ് ബംഗ്ലാദേശുമായും അമേരിക്ക സമാനമായ ധാരണയിലെത്തുന്നത്.

Advertisment