മിഷിഗണിലെ ആൻ അർബോറിൽ നിന്നുള്ള ഹർപ്രീത്-നവനീത് ചീമ ദമ്പതിമാർ എവറസ്റ്റ് കൊടുമുടി കീഴടക്കി. ലോകത്തെ ഏറ്റവും ഉയർന്ന പർവ്വതത്തിനു മുകളിൽ എത്തുന്ന ആദ്യ സിഖ് ദമ്പതിമാരാണ് ഇവർ.
എവറസ്റ്റ് കീഴടക്കുന്ന ലോകത്തെ ഏഴാം ദമ്പതിമാരുമാണ് തങ്ങളെന്നു നവ്‌നീത് പറഞ്ഞു. മിഷിഗണിൽ നിന്ന് ഇതിനു മുൻപ് ദമ്പതിമാർ ആരും ഈ നേട്ടം കൈവരിച്ചിട്ടുമില്ല.
പർവ്വതാരോഹണത്തിൽ ഏറെ കമ്പമുള്ള ചീമ ദമ്പതിമാർ 2019നു
ശേഷം ഏഴു കൊടുമുടികളിൽ അഞ്ചെണ്ണം കീഴടക്കിയിരുന്നു. കിളിമഞ്ചാരോ, ദിനാലി എന്നിവ ഉൾപ്പെടെ.
ഇന്ത്യൻ അമേരിക്കൻ ദമ്പതിമാർ മൊത്തം 43 ദിവസം എവറസ്റ്റിൽ ചെലവഴിച്ചു. അപകടകരമായ പാതകൾ താണ്ടിയെന്നു അവർ
പറഞ്ഞു. "ഒന്നു കാൽ വഴുതിയാൽ മൈലുകൾ താഴേക്കു പതിക്കാവുന്ന ഇടങ്ങൾ," ഹർപ്രീത് പറഞ്ഞു.
കൂടെ കയറിയ ഒരു കെനിയക്കാരന്റെ മൃതദേഹം കണ്ടെത്തിയ ഓർമ ഇപ്പോഴും നടുക്കുന്നുവെന്നു ഹർപ്രീത് പറഞ്ഞു. സിഖ് സമുദായത്തിന്റെ നിഷാൻ സാഹിബ് പതാക കൊടുമുടിയിൽ നാട്ടിയെന്നു അവർ അറിയിച്ചു.