ആക്രമിക്കപ്പെട്ട സിഖ് വംശജനു ലോസ് ഏഞ്ജലസ് ആശുപത്രിയിൽ മൂന്നു ശസ്ത്രക്രിയ നടത്തി

New Update
Gvv

ലോസ് ഏഞ്ചലസിൽ അജ്ഞാതന്റെ ആക്രമണത്തിൽ പരുക്കേറ്റ 70 വയസുള്ള സിഖ് വംശജൻ ഹർപാൽ സിംഗ് അതീവ ഗുരുതരാവസ്ഥയിലാണെന്നു പോലീസും കുടുംബവും അറിയിച്ചു. ലങ്കേർഷിം ബൊളിവാർഡിൽ ഗുരുദ്വാരയിൽ താമസിക്കുന്ന സിംഗ് പ്രൊവിഡൻസ് മെഡിക്കൽ സെന്ററിലെ ഐ സി യുവിൽ അബോധാവസ്ഥയിൽ കിടക്കുകയാണ്.

Advertisment

ഇന്ത്യയിൽ മാത്‍സ് പ്രഫസർ ആയിരുന്ന സിംഗ് ഓഗസ്റ്റ് 4നു ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് ആക്രമിക്കപ്പെട്ടത്. ബൈക്കിൽ വന്ന ഒരാൾ ഗോൾഫ് ക്ലബ് കൊണ്ട് അതിശക്തമായി അടിച്ചെന്നു ദൃക്‌സാക്ഷി കെ സി എ എല്ലിൽ പറഞ്ഞു.

തലയിലും മുഖത്തും നിരവധി പരുക്കുകൾ ഏറ്റ സിംഗിനു മൂന്നു തവണ ശസ്ത്രക്രിയ നടത്തി. തലച്ചോറിൽ രക്തസ്രാവമുണ്ട്. കണ്ണിനും ഓപ്പറേഷൻ വേണ്ടിവന്നു.

കുറ്റവാളി എന്നു സംശയിക്കുന്ന ഒരാളെ കണ്ടെത്താൻ സൂചനയൊന്നും ലഭിച്ചിട്ടില്ല. കാമറ ദൃശ്യങ്ങൾ ലഭിച്ചുവോ എന്നു പോലീസ് പറയുന്നില്ല. അക്രമിയുടെ വിവരണം നൽകാൻ സിംഗിനു കഴിയാത്ത അവസ്ഥയുമാണ്.

വംശീയ വിദ്വേഷത്തിൽ നിന്നുണ്ടായതെന്നു കരുതപ്പെടുന്ന ആക്രമണം സിഖ് സമുദായത്തെ പിടിച്ചു കുലുക്കി. "ഇത്തരമൊരു ആക്രമണം നടക്കുക എന്നത് തീർച്ചയായും ഭീതി ഉയർത്തുന്നതാണ്," അഭിഭാഷകൻ മുൻമേത് കൗർ പറഞ്ഞു. "ഈ മനുഷ്യന് 70 വയസുണ്ട്. ഏറ്റവും ദുർബലനായ ഒരാളെയാണ് ലക്‌ഷ്യം വച്ചത്."

ശാന്തനും ഭക്തനുമായ മനുഷ്യനാണ് സിംഗ് എന്നു ഗുരുദ്വാര വൃത്തങ്ങൾ പറഞ്ഞു. അവിവാഹിതനായ അദ്ദേഹം ദാനധർമങ്ങളിൽ നിഷ്ഠയുള്ള ആളായിരുന്നു. ശതൃക്കളെ സൃഷ്ടിക്കാനുളള സാധ്യത തീരെയില്ല. 

"ഇത് ഞങ്ങളുടെ സമുദായത്തെ വിറകൊള്ളിക്കുന്നു," സിഖ് കൊയലിഷൻ വക്താവ് പറഞ്ഞു. "ഇതൊരു വിദ്വേഷ ആക്രമണമാണ്." കുടുംബത്തിന് ആവശ്യമായ സഹായം നൽകുന്നുണ്ടെന്ന് അവർ അറിയിച്ചു.

Advertisment