/sathyam/media/media_files/2025/09/03/ffvc-2025-09-03-04-44-55.jpg)
ശ്രീനാരായണ ദര്‍ശനങ്ങള്‍ പുതു തലമുറയിലേക്ക് പകര്‍ന്നു നല്‍കുക എന്ന ലക്ഷ്യത്തോടുകൂടി അമേരിക്കയുടെ തലസ്ഥാനമായ വാഷിംഗ്ടണിലേയും, മെരിലാന്റ്, വെര്‍ജീനിയ എന്നീ സ്റ്റേറ്റുകളിലേയും ശ്രീനാരായണ വിശ്വാസികളുടെ സംഘടനയായ ശിവഗിരി ഫൗണ്ടേഷന്‍ ഓഫ് വാഷിംഗ്ടണ്‍ ഡി.സി (എസ്സ്.എഫ്.ഡബ്ലു.ഡി.സി) യുടെ ആഭിമുഖ്യത്തില്‍ ഓണാഘോഷവും, ചതയദിനാഘോഷവും ഇക്കഴിഞ്ഞ ആഗസ്റ്റ് 24ാം തീയതി ഞായറാഴ്ച മെരിലാന്റിലുള്ള പൊട്ടോമാക് കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് സമുചിതമായി ആഘോഷിച്ചു.
ദൈവദശകം ആലപിച്ച് വിളക്ക് കൊളുത്തിയ ശേഷം നടന്ന വിഭവ സമൃദ്ധമായ ഓണ സദ്യയോടൊപ്പം ചതയം/ഓണാഘോഷ പരിപാടികള്‍ ആരംഭിച്ചു. എസ്സ്.എഫ്.ഡബ്ലു.ഡി.സി പ്രസിഡന്റ് ശ്രി. അജയകുമാര്‍ കേശവന്‍ സ്വാഗത പ്രസംഗം നടത്തുകയും അതിനുശേഷം ശ്രീനാരായണ അസോസിയേഷന്‍ ന്യുയോര്‍ക്കിന്റെ പ്രതിനിധിയായ സുനില്‍കുമാര്‍ കൃഷ്ണന്‍, വേള്‍ഡ് മലയാളി അസോസിയേഷന്‍ ചെയര്‍മാന്‍ മോഹന്‍കുമാര്‍ അറുമുഖം എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തുകയും ചെയ്തു. തുടര്‍ന്ന് ഫെഡറേഷന്‍ ഓഫ് ശ്രീനാരായണ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഫ്‌ളോറിഡ കണ്‍വെന്‍ഷന്‍ 2025 ന്റെ കിക്കോഫും നടന്നു.
പ്രസ്തുത ചടങ്ങില്‍ ഫെഡറേഷന്‍ പ്രസിഡന്റ് ശ്രി. ബിനൂബ് കണ്‍വെന്‍ഷനെകുറിച്ച് സംസാരിക്കുകയും, അതിനുശേഷം ആദ്യ രജിസ്‌ട്രേഷന്‍ മുതിര്‍ന്ന എസ്സ്.എഫ്.ഡബ്ലു.ഡി.സി അംഗം ശ്രീ. പീതാംബരന്‍ തൈവളപ്പിലില്‍ നിന്നും ബിനൂബ് സ്വീകരിക്കുകയും ചെയ്തു. തുടര്‍ന്ന് കേരള തനിമ പുലര്‍ത്തുന്ന വൈവിദ്ധ്യ കലാപരിപാടികള്‍ നടക്കുകയും ചെയ്തു. കലാപരിപാടികള്‍ക്കുശേഷം എസ്സ്.എഫ്.ഡബ്ലു.ഡി.സി സെക്രട്ടറി ശ്രീമതി. അംബികാകുമാറിന്റെ നന്ദി പ്രസംഗത്തോടുകൂടി ആഘോഷപരിപാടികള്‍ അവസാനിച്ചു.