ചരിത്രം സൃഷ്ടിച്ചു കൊണ്ട് ആറ് ഇന്ത്യൻ അമേരിക്കൻ ജനപ്രതിനിധികൾ യുഎസ് ഹൗസ് അംഗങ്ങളായി വെള്ളിയാഴ്ച പ്രതിജ്ഞയെടുത്തു. യുഎസിൽ ഈ ന്യൂനപക്ഷ സമൂഹത്തിനു സുപ്രധാന നേട്ടമാണിത്.
ആമി ബെറ, രാജാ കൃഷ്ണമൂർത്തി, പ്രമീള ജയപാൽ, ശ്രീ തനെദാർ, റോ ഖന്ന, നവാഗതനായ സുഹാസ് സുബ്രമണ്യം എന്നിവരാണ് ഈ ആറു ഡെമോക്രാറ്റിക് പാർട്ടി അംഗങ്ങൾ. കോൺഗ്രസിലെ 'സമോസ കോക്കസ്.' കോൺഗ്രസിലെ ഏക ഇന്ത്യൻ അമേരിക്കൻ അംഗമായാണ് 12 വര്ഷം മുൻപ് താൻ പ്രതിജ്ഞയെടുത്തതെന്നു ഏറ്റവും മുതിർന്ന അംഗമായ ആമി ബെറ അനുസ്മരിച്ചു. ഇപ്പോൾ ആറു പേരായി. കാലിഫോർണിയ ഡിസ്ട്രിക്ടിൽ നിന്നു ഏഴാം തവണയാണ് അദ്ദേഹം ജയിച്ചു വന്നത്.
വിർജീനിയ 10ത് ഡിസ്ട്രിക്ടിൽ നിന്നു ജയിച്ച സുഹാസ് കുറിച്ചു: "ജോലി തുടങ്ങുന്ന ദിവസം!" മിഷിഗണിൽ നിന്നുള്ള തനെദാർ കോൺഗ്രസിൽ നിന്നുള്ള സെൽഫി സാമൂഹ്യ മാധ്യമങ്ങളിൽ കയറ്റി.
കരുത്തു കാട്ടിക്കഴിഞ്ഞവരാണ് രാജാ കൃഷ്ണമൂർത്തിയും (ഇല്ലിനോയ്) റോ ഖന്നയും (കലിഫോർണിയ) പ്രമീള ജയപാലും (വാഷിംഗ്‌ടൺ). ആദ്യ വനിതാ ഇന്ത്യൻ അമേരിക്കൻ അംഗമാണ് ജയപാൽ.
ആദ്യ ഇന്ത്യൻ അമേരിക്കൻ റെപ്. ദലീപ് സിംഗ് സൗന്ദ് (ഡെമോക്രാറ്റ്) ആയിരുന്നു. 1957ൽ അദ്ദേഹം അംഗമായി. ആദ്യ സിഖുകാരൻ കൂടിയായ അദ്ദേഹം മൂന്നു തവണ ജയിച്ചു.പിന്നീട് ഒരു ഇന്ത്യൻ അമേരിക്കൻ എത്തിയത് 2005ലാണ്: ബോബി ജിൻഡാൽ. അദ്ദേഹം പിന്നീട് രണ്ടു തവണ ലൂയിസിയാന ഗവർണറായി.