/sathyam/media/media_files/2025/08/28/gvvv-2025-08-28-02-35-51.jpg)
വാഷിങ്ടൻ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വലതുകൈയിൽ പ്രത്യക്ഷപ്പെട്ട കറുത്ത പാട് അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളിലും രാഷ്ട്രീയവൃത്തങ്ങളിലും ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. വലതു കൈയുടെ പിൻ വശത്താണ് കറുത്ത പാട്. വിവിധ പൊതുപരിപാടികളിൽ ട്രംപിന്റെ കൈയിലെ പാട് വ്യക്തമായതോടെയാണ് അഭ്യൂഹങ്ങൾ ശക്തമായത്.
ഫെബ്രുവരിയിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോയുള്ള കൂടിക്കാഴ്ചയിലാണ് കറുത്തപാട് ആദ്യമായി ശ്രദ്ധിക്കപ്പെട്ടത്. തിങ്കളാഴ്ച ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ചെയ്ത മങ്ങുമായി വൈറ്റ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയിൽ നിന്നുള്ള ചിത്രങ്ങളിൽ ഈ പാട് വ്യക്തമായി കാണാം. ജൂലൈയിൽ യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വോൺഡെർ ലെയനുമായുള്ള കൂടിക്കാഴ്ചയിലും ഇക്കഴിഞ്ഞ 22ന് ഫിഫ പ്രസിഡന്റായി ജിയാനി ഇൻഫന്റിനോയുമായുള്ള കൂടിക്കാഴ്ചയിലും കറുത്ത പാട് മേക്കപ്പ് ഉപയോഗിച്ച് മറച്ചിരുന്നു.
ട്രംപിന്റെ കൈയിലെ പാട് ചർച്ചയായതിന് പിന്നാലെ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് മാധ്യമങ്ങളോട് പ്രതികരിച്ചു. നിരവധി ആളുകളുമായി ഹസ്തദാനം ചെയ്യുന്നതിന്റെ ഫലമായാണ് കറുത്ത പാട് രൂപപ്പെട്ടതെന്നായിരുന്നു ഇതേകുറിച്ചുള്ള ചോദ്യത്തിന് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കാരലിൻ ലീവിറ്റിന്റെ പ്രതികരണം. അടിക്കടിയുള്ള ഹസ്തദാനവും ഹൃദയരോഗ പ്രതിരോധ ചികിത്സയുടെ ഭാഗമായി ആസ്പിരിൻ കഴിക്കുന്നതിന്റെയും ഭാഗമായാണ് കറുത്ത പാട് കാണപ്പെടുന്നതെന്നാണ് ട്രംപിന്റെ ഡോക്ടർ സീൻ ബാർബബെല്ല വ്യക്തമാക്കിയത്.