ന്യൂയോർക്ക്: വൈസ്‌മെൻ ഇന്റർനാഷണൽ ക്ലബ്ബ്ന്റെ അമേരിക്കൻ ഏരിയയിൽ പെട്ട നോർത്ത് അറ്റ്ലാന്റിക് റീജിയൻ ഹാബിറ്റാറ് ഫോർ ഹ്യൂമാനിറ്റി എന്നസംഘടനയുമായി ചേർന്ന് നടത്തിയ സാമൂഹ്യസേവന പ്രവർത്തങ്ങൾ വിലമതിക്കപ്പെട്ടതായി ഹാബിറ്റാറ് ഫോർ ഹ്യൂമാനിറ്റിയുടെ പാസായിക് കൗണ്ടി ഹാബിറ്റാറ്റ് ടീമിൻ്റെ പേരിൽ, ആഷ്‌ലി ബിഗ്ഗ്സ് പറഞ്ഞു.
സ്വിറ്റസർലണ്ടിലെ ജനീവ കേന്ദ്രമാക്കിയ ഒരു അന്തർദേശീയ സന്നദ്ധ സംഘടനയാണ് വൈസ്‌മെൻ ഇന്റർനാഷണൽ ക്ലബ്ബ്. 103 വർഷങ്ങൾക്കുമുൻപ് ഒഹായിയോയിലെ ടോളിഡോയിൽ ജഡ്ജ് പോൾ വില്ലിയം അലക്സാണ്ടറും ഒരു കൂട്ടം ചെറുപ്പക്കാരും ചേർന്ന ഉച്ച കൂട്ടത്തിൽ രൂപപ്പെട്ട ഒരു പ്രസ്ഥാനം ആണിത്. ഇപ്പോൾ 75 രാജ്യങ്ങളിൽ ആയി YMCA യുടെ സഹായ പ്രസ്ഥാനമായി പ്രവർത്തിക്കുന്നു. തങ്ങൾ ഉൾപ്പെട്ട സമൂഹത്തിൽ അർഹമായ സാന്നിദ്ധ്യവും നിരന്തര പരിശ്രമവുംകൊണ്ട് വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്ന ഒരു കൂട്ടമാണ് ഇത്. അമേരിക്കയിൽ എട്ടു റീജിയനുകളായി നിരവധി ക്ലബ്ബ്കൾ രൂപപ്പെട്ടിട്ടുണ്ട്. ചിലത് പ്രവർത്തനമായി നൂറുവര്ഷം തികഞ്ഞു.
നോർത്ത് അറ്റ്ലാന്റിക് റീജിയൻ വിവിധ സാമൂഹിക സന്നദ്ധ സേവനങ്ങളിൽ പങ്കെടുക്കുന്നു. ജീവിച്ചിരിക്കുമ്പോൾ സമൂഹത്തോട് കടപ്പെട്ടവരിരിക്കുക എന്ന ക്രൈസ്തവ ധർമ്മമാണ് അടിസ്ഥാന പ്രമാണം. ഇപ്പോൾ നോർത്ത് അറ്റ്ലാന്റിക് റീജിയൻ ഡയറക്ടറായി സേവനം അനുഷ്ഠിക്കുന്നത് കോരസൺ വർഗീസ് ആണ്. തോമസ് ഉണ്ണൂണ്ണിയാണ് കമ്മ്യൂണിറ്റി സർവീസ് ഡയറക്ടർ.