സൗത്ത് കാരോലൈന: 23 വർഷങ്ങൾക്ക് മുൻപ് ശിക്ഷിക്കപ്പെട്ട സൗത്ത് കാരോലൈനയിലെ തടവുകാരൻ മരിയോൺ ബോമാൻ ജൂനിയറിന്റെ വധശിക്ഷ ജനുവരി 31ന് നടപ്പാക്കി. 2025-ലെ യുഎസിലെ ആദ്യ വധശിക്ഷയാണിത്. സെപ്റ്റംബർ മുതൽ സൗത്ത് കാരോലൈന സംസ്ഥാനത്ത് നടപ്പാക്കുന്ന മൂന്നാമത്തെ വധശിക്ഷയാണിത്. കഴിഞ്ഞ വർഷം മാത്രം രാജ്യത്ത് ഇരുപത്തിയഞ്ച് വധശിക്ഷകൾ നടപ്പാക്കി.
മരിയോൺ ബോമാൻ ജൂനിയറിനെ വൈകുന്നേരം 6:27 നാണു വിഷ മിശ്രിതം കുത്തിവച്ചു വധശിക്ഷയ്ക്ക് വിധേയനാക്കിയത്. 2001ൽ 21 വയസ്സുള്ള കാൻഡി മാർട്ടിനെ കൊലപ്പെടുത്തിയ കേസിൽ 2002ൽ ബോമാൻ (44) കുറ്റക്കാരനാണെന്ന് കണ്ടെത്തി.
അറസ്റ്റിനുശേഷം ബോമാൻ നിരപരാധിത്വം ആവർത്തിച്ചു, "ഞാൻ കാൻഡി മാർട്ടിനെ കൊന്നില്ല" എന്ന് പറഞ്ഞ് കുറ്റം നിഷേധിച്ചു. ജയിലിനു പുറത്തു വധ ശിക്ഷയെ എതിർക്കുന്നവർ പ്രകടനം സംഘടിപ്പിച്ചിരുന്നു.