ന്യൂ യോർക്ക് മേയർ സ്ഥാനത്തേക്കുള്ള മത്സരത്തിൽ സിറ്റി കൗൺസിൽ സ്‌പീക്കർ അഡ്രിയെൻ ആഡംസ് (64) രംഗപ്രവേശം
ചെയ്തു. ഇതോടെ മേയർ എറിക് ആഡംസിനെതിരെ ഡെമോക്രാറ്റിക് പ്രൈമറിയിൽ മത്സരിക്കുന്ന പ്രമുഖരുടെ എണ്ണം കൂടി.
മുൻ ഗവർണർ ആൻഡ്രൂ കുവോമോ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു."ന്യൂ യോർക്കിൽ ജീവിക്കാൻ വയ്യാതായി, സിറ്റി ഹാളിൽ അരാജകത്വമാണ്, ഡൊണാൾഡ് ട്രംപ് നഗരത്തിന്റെ സ്വാതന്ത്ര്യം ഇല്ലാതാക്കാൻ നോക്കുകയാണ്," അഡ്രിയെൻ ആഡംസ് പറഞ്ഞു."പൊരുതേണ്ട നേരമായി.
എനിക്ക് ഒരിക്കലും മേയറാവാൻ ആഗ്രഹം ഉണ്ടായിരുന്നില്ല, പക്ഷെ ന്യൂ യോർക്കിനെ കൈവിടാൻ വയ്യ."ശനിയാഴ്ച്ച റാലിയോടെ അവർ പ്രചാരണം ആരംഭിക്കും. മേയർ എറിക് ആഡംസിനെ ശക്തമായി വിമർശിച്ചിട്ടുള്ള അഡ്രിയെൻ ആഡംസ് ജയിച്ചാൽ മേയറാവുന്ന ആദ്യ വനിതയാവും. ജൂണിൽ ഡെമോക്രാറ്റിക് പ്രൈമറിയും അടുത്ത നവംബറിൽ തിരഞ്ഞെടുപ്പും ജയിക്കണം.
2017ൽ സിറ്റി കൗൺസിൽ അംഗമായ അഡ്രിയെൻ ആഡംസ് 2022ൽ ആദ്യത്തെ കറുത്ത വർഗക്കാരിയായ സ്‌പീക്കറായി. അഴിമതി ആരോപണങ്ങളും കേസും നേരിടുന്ന എറിക് ആഡംസ് രാഷ്ട്രീയ നിലനിൽപ്പിനു വേണ്ടിയുള്ള കടുത്ത പോരാട്ടത്തിലാണ്.