സ്റ്റുഡന്റ് വിസ അപേക്ഷകൾ വീണ്ടും പരിഗണിക്കുമെന്നു യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് അറിയിച്ചു. വ്യവസ്ഥയുണ്ട്: സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഗവൺമെന്റിന്റെ പരിശോധനയ്ക്കു തുറന്നു കൊടുക്കണം.
സ്റേറ് ഡിപ്പാർട്മെന്റിന്റെ പ്രസ്താവനയിൽ പറഞ്ഞു: "പുതിയ മാർഗനിർദേശം അനുസരിച്ചു നോൺ-ഇമിഗ്രന്റ് വിഭാഗത്തിൽ പെട്ട എഫ്, എം, ജെ സ്റ്റുഡന്റ് വിസ അപേക്ഷകൾ ഞങ്ങൾ സമഗ്രമായി പരിശോധിക്കും. ഈ ആവശ്യത്തിനായി എല്ലാ അപേക്ഷകരും സോഷ്യൽ മീഡിയ പ്രൊഫൈലൂകൾ എല്ലാം തന്നെ പരസ്യമായി വിലയിരുത്താൻ തക്ക വിധം സെറ്റിങ്സ് മാറ്റേണ്ടതാണ്."
അമേരിക്കയെയും അതിന്റെ പൗരന്മാരെയും സംരക്ഷിക്കാൻ വേണ്ടി ദേശസുരക്ഷയുടെ ഏറ്റവും ഉയർന്ന നിലവാരം കാത്തു സൂക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നു പ്രസ്താവനയിൽ തുടരുന്നു. ഇക്കാര്യം വിസ നടപടികളിൽ ഉറപ്പാക്കിയിരിക്കും.
"യുഎസ് വിസ ഒരു അവകാശമല്ല, പ്രത്യേക അവകാശമാണ്. യുഎസിൽ പ്രവേശിക്കാൻ പാടില്ലാത്ത അപേക്ഷകരെ കണ്ടെത്താൻ ഞങ്ങൾ ലഭ്യമായ എല്ലാ വിവരങ്ങളും പരിശോധിക്കും."
സ്റ്റുഡന്റ് വിസ ഇന്റർവ്യൂകൾ അധികം വൈകാതെ വീണ്ടും ആരംഭിക്കുമെന്നു കഴിഞ്ഞ മാസം യുഎസ് സൂചിപ്പിച്ചിരുന്നു. സോഷ്യൽ മീഡിയ പരിശോധന കൂടുതൽ കര്ശനമാക്കുന്നതു വരെ വിസ അപേക്ഷകളുടെ പരിശോധന നിർത്തി വയ്ക്കാൻ സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാർക്കോ റുബിയോ ആണ് ഉത്തരവിട്ടിരുന്നത്.