അനധികൃത കുടിയേറ്റക്കാരെ നാടുകടത്താനുള്ള ശ്രമങ്ങൾ തടയുന്നു എന്ന ആരോപണം ഉന്നയിച്ചു മെരിലാൻഡിലെ 15 ഫെഡറൽ ജഡ്ജുമാർക്കും എതിരെ ട്രംപ് ഭരണകൂടം പരാതി നൽകി. എക്സിക്യൂട്ടീവിന്റെയും കോടതിയുടെയും അധികാരങ്ങൾ നിർവചിക്കുന്ന പോരാട്ടമായി അത് മാറും.
അറ്റോണി ജനറൽ പാം ബോണ്ടി പറഞ്ഞു: "പ്രസിഡന്റ് ട്രംപ് അധികാരമേറ്റു ആദ്യ മണിക്കൂറുകളിൽ തന്നെ അദ്ദേഹത്തിന്റെ എക്സിക്യൂട്ടീവ് അധികാരം നിയന്ത്രിക്കാൻ അവസാനിക്കാത്ത ഇൻജക്ഷനുകളുടെ പരമ്പര കൊണ്ട് ശ്രമം നടന്നിട്ടുണ്ട്.
"അമേരിക്കൻ ജനത പ്രസിഡന്റ് ട്രംപിനെ തിരഞ്ഞെടുത്തത് അദ്ദേഹത്തിന്റെ നയങ്ങൾ നടപ്പാക്കാനാണ്." മെരിലാൻഡിലെ ഒരു കോടതിയിലാണ് പരാതി നൽകിയത്. അതേ സമയം, ജഡ്‌ജുമാർ അവരുടെ മുന്നിലുള്ള കുടിയേറ്റ കേസുകൾ സ്വയം ഉപേക്ഷിക്കാൻ ജസ്റ്റിസ് ഡിപ്പാർട്മെന്റ് നിർദേശിച്ചു. അല്ലെങ്കിൽ മറ്റൊരു സംസ്ഥാനത്തേക്കു കേസുകൾ മാറ്റണം.
മെരിലാൻഡിൽ നാടുകടത്തൽ ചോദ്യം ചെയ്തു കോടതിയിൽ എത്തിയ അനധികൃത കുടിയേറ്റക്കാരെ നാടുകടത്താൻ പാടില്ലെന്ന ചീഫ് ജഡ്‌ജ് ജോർജ് എൽ. റസലിന്റെ ഉത്തരവാണ് ഒടുവിൽ പ്രകോപനമായത്.
പ്രതികൂലമായ കോടതി വിധികളെ ട്രംപ് നിശിതമായി വിമർശിച്ചിട്ടുണ്ട്. ഒരു വിമാനത്തിൽ കയറ്റിയ കുടിയേറ്റക്കാരെ തിരിച്ചിറക്കാൻ ആവശ്യപ്പെട്ട വാഷിംഗ്‌ടൺ ജഡ്ജിനെ ഇംപീച്ച് ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു. അതിനു സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജോൺ റോബെർട്സ് പ്രതികരിച്ചത് ഇങ്ങിനെ ആയിരുന്നു: "കോടതി തീരുമാനത്തിൽ അഭിപ്രായ വ്യത്യാസമുണ്ടായാൽ ഇംപീച്ച്മെന്റ് നടത്തുന്നത് പരിഹാരമാവുന്നില്ല."