ന്യൂയോര്‍ക്ക്: യുഎന്‍ ജനറല്‍ അസംബ്ളിയില്‍ ഇസ്രയേലേനിനു മുന്നറിയിപ്പുമായി ഫ്രാന്‍സ്. ഗാസ യുദ്ധം രൂക്ഷമാക്കുകയും ലബനനിലേക്ക് ആക്രമണം വ്യാപിപ്പിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണിത്. മിഡില്‍ ഈസ്ററില്‍ ഉടനീളം സംഘര്‍ഷം വ്യാപിക്കാനുള്ള സാധ്യതയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ചൂണ്ടിക്കാട്ടി.
പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കണമെന്നും മാക്രോണ്‍ ആഹ്വാനം ചെയ്തു. സിവിലിയന്മാരെ സംരക്ഷിക്കാനും മേഖലയില്‍ യുദ്ധം വ്യാപിപ്പിക്കുന്നത് തടയാനും നയതന്ത്ര തലത്തില്‍ പരിഹാരം കാണണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ലബനനില്‍ 21 ദിവസത്തെ വെടിനിര്‍ത്തല്‍ വേണമെന്ന ആവശ്യം ഉന്നയിച്ച് യു.എസിന്റേയും ഫ്രാന്‍സിന്റേയും നേതൃത്വത്തില്‍ വിവിധ രാജ്യങ്ങള്‍ സംയുക്ത പ്രസ്താവന പുറത്തിറക്കിയിരുന്നു.
സംഘര്‍ഷം നയതന്ത്ര ചര്‍ച്ചകളിലൂടെ പരിഹരിക്കണം. അതിര്‍ത്തികളിലുള്ള ജനങ്ങള്‍ക്ക് സുരക്ഷിതമായി മടങ്ങാനുള്ള സാഹചര്യമുണ്ടാകണമെന്നും സംയുക്ത പ്രസ്താവനയില്‍ രാജ്യങ്ങള്‍ പറഞ്ഞു.