ന്യൂ യോർക്ക് മേയർ സ്ഥാനം തേടുന്ന ഡെമോക്രാറ്റിക് സ്ഥാനാർഥി സോഹ്രാൻ മംദാനിക്കു നഗരത്തിലെ ഏറ്റവും പ്രബല യൂണിയനുകളിൽ ഒന്നായ യുണൈറ്റഡ് ഫെഡറേഷൻ ഓഫ് ടീച്ചേഴ്‌സ് (യു എഫ് ടി) പിന്തുണ പ്രഖ്യാപിച്ചു. വോട്ടെടുപ്പിനു നൂറോളം ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഈ എൻഡോഴ്‌സ്‌മെന്റ് മംദാനിക്കു വലിയ ഉത്തേജനമായി.
യു എഫ് ടിയിൽ അധ്യാപകരും വിദ്യാഭ്യാസ പ്രവർത്തകരുമായി 200,000ത്തിലേറെ അംഗങ്ങളുണ്ട്. മേയറായിരുന്നു വീണ്ടും മത്സരിക്കുന്ന എറിക് ആഡംസിനെ തള്ളിയാണ് അവർ മംദാനിയെ എൻഡോഴ്സ് ചെയ്തത്.
ഇത് വരെ ലഭിച്ച ഏറ്റവും വലിയ എൻഡോഴ്‌സ്‌മെന്റ് ആഘോഷിച്ച മംദാനി പറഞ്ഞു: "അധ്വാനിക്കുന്ന ജനവിഭാഗങ്ങൾക്കു വേണ്ടിയുള്ളതാണ് എന്റെ പ്രചാരണം." നഗരത്തിലെ പബ്ലിക് സ്കൂളുകൾക്ക് കൂടുതൽ നിക്ഷേപവും മെച്ചപ്പെട്ട സൗകര്യങ്ങളും വാഗ്‌ദാനം ചെയ്തിട്ടുള്ള മംദാനി ചാർട്ടർ സ്കൂളുകളുടെ വിമർശകനുമാണ്.
ചെലവ് കുറഞ്ഞ പാർപ്പിടമെന്ന വാഗ്‌ദാനവും പബ്ലിക് സ്കൂളുകൾക്കു നൽകുന്ന ഉറപ്പും പരിഗണിച്ചാണ് മംദാനിക്കു പിന്തുണ നൽകുന്നതെന്നു യു എഫ് ടി പ്രസിഡന്റ് മൈക്കൽ മുൾഗ്രൂ പറഞ്ഞു. സ്കൂളുകൾക്കു മേൽ മേയർക്കു മാത്രം നിയന്ത്രണമുള്ള രീതി മാറ്റി വികേന്ദ്രീകരണം കൊണ്ടുവരാമെന്ന വാഗ്‌ദാനവും സ്വാഗതാർഹമാണ്.
ഡെമോക്രാറ്റിക് പ്രൈമറിയിൽ എൻഡോഴ്‌സ്‌മെന്റ് നൽകാതിരുന്ന യൂണിയൻ ഇപ്പോൾ അതിനു മുന്നോട്ടു വന്നത് മംദാനിയുടെ കുതിപ്പായി നിരീക്ഷകർ കാണുന്നു. ന്യൂ യോർക്ക് സ്റ്റേറ്റ് നഴ്‌സസ് അസോസിയേഷൻ, എസ്ഇഐയു 32ബിജെ, ഹോട്ടൽ ട്രെയ്‌ഡേഴ്‌സ് കൗൺസിൽ, ന്യൂ യോർക്ക് സിറ്റി സെൻട്രൽ ലേബർ കൗൺസിൽ എന്നിവയും മംദാനിക്കു പിന്തുണ നൽകിയിട്ടുണ്ട്.
സിറ്റിയിലെ ഏറ്റവും വലിയ യുണിയനായ ഡി സി 37 തിരഞ്ഞെടുപ്പിൽ ആരെയും പിന്തുണച്ചിട്ടില്ല.