ഫ്ളോറിഡ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ വംശജ സുനിത വില്യംസിനെയും സഹയാത്രികന്‍ ബുച്ച് വില്‍മോറിനെയും തിരിച്ചെത്തിക്കാനുള്ള ദൗത്യവുമായി സ്പേസ് എക്സ് ക്രൂ 9 പേടകം യാത്ര തിരിച്ചു.
ഫാല്‍ക്കന്‍ റോക്കറ്റില്‍ ഫ്ളോറിഡയിലെ കേപ് കനവറല്‍ സ്പേസ് ഫോഴ്സ് സ്റേറഷനില്‍നിന്നാണ് പേടകവും അതിലുള്ള വിദഗ്ധ സംഘവും യാത്ര തിരിച്ചത്. ഹെലന്‍ ചുഴലിക്കാറ്റ് കാരണം പലവട്ടം മാറ്റിവച്ച യാത്രയാണ് ഇപ്പോള്‍ സാധ്യമായിരിക്കുന്നത്.
നാസയുടെ ബഹിരാകാശ സഞ്ചാരിയായ നിക് ഹേഗാണ് ക്രൂ 9 കമാന്‍ഡര്‍. ഒപ്പം റഷ്യന്‍ ബഹിരാകാശ സഞ്ചാരിയായ അലക്സാണ്ടര്‍ ഗോര്‍ബുണോവുമുണ്ട്. ഫ്രീഡം എന്ന് പേര് നല്‍കിയിരിക്കുന്ന ഡ്രാഗണ്‍ പേടകത്തില്‍ നാലുപേര്‍ക്ക് യാത്ര ചെയ്യാനുള്ള സൗകര്യമുണ്ട്. സുനിതയെയും വില്‍മോറിനെയും മടക്കയാത്രയില്‍ ഒപ്പം കൂട്ടുന്നതിനായി രണ്ട് സീറ്റുകള്‍ ഒഴിച്ചിട്ടിരിക്കുകയാണ്. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ സംഘം മടങ്ങിയെത്തും.
ജൂണില്‍ 10 ദിവസത്തെ ബഹിരാകാശ ദൗത്യത്തിനായി പോയതായിരുന്നു സുനിതയും ബുച്ച് വില്‍മോറും. ബോയിങ് സ്ററാര്‍ലൈനര്‍ പേടകത്തിന്റെ സാങ്കേതിക തകരാറും ഹീലിയം ചോര്‍ച്ചയും കാരണമാണ് ഇരുവരും ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയത്.