/sathyam/media/media_files/2025/09/24/vbv-2025-09-24-04-29-28.jpg)
നേപ്പർവില്ലെ: പൊതുസേവനത്തിലും വിദ്യാഭ്യാസ രംഗത്തും മികച്ച പ്രകടനം കാഴ്ച്ചവച്ച പ്രമുഖയായ സുപ്ന ജെയിൻ നേപ്പർവില്ലെ സിറ്റി കൗൺസിലിൽ അംഗമായി സത്യപ്രതിജ്ഞ ചെയ്തു. ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യൻ-അമേരിക്കൻ വനിതയാണ് സുപ്ന ജെയിൻ. മുൻ കൗൺസിൽ അംഗം അലിസൺ ലോംഗൻബോ രാജിവച്ച ഒഴിവിലേക്കാണ് സുപ്നയെ തിരഞ്ഞെടുത്തത്.
നോർത്ത് സെൻട്രൽ കോളജിലെ കമ്യൂണിക്കേഷൻസ് ആൻഡ് മീഡിയ സ്റ്റഡീസിലെ പ്രിൻസിപ്പൽ ലക്ചററാണ് സുപ്ന. കൂടാതെ, സെന്റർ ഫോർ ദി അഡ്വാൻസ്‌മെന്റ് ഓഫ് ഫാക്കൽറ്റി എക്‌സലൻസിന്റി ഫാക്കൽറ്റി ഡയറക്ടറായും അവർ പ്രവർത്തിക്കുന്നു. 2021 മുതൽ ഇന്ത്യൻ പ്രൈറി സ്കൂൾ ഡിസ്ട്രിക്റ്റ് 204 ബോർഡ് ഓഫ് എജ്യുക്കേഷനിൽ പ്രവർത്തിച്ച പരിചയവും സുപ്നയ്ക്കുണ്ട്.
സെപ്റ്റംബർ 16-ന് നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ കൗൺസിൽ അംഗങ്ങളും സഹപ്രവർത്തകരും വിദ്യാർഥികളും ഉൾപ്പെടെ നിരവധിപേർ പങ്കെടുത്തു. സുപ്നയുടെ അനുഭവസമ്പത്തിനെയും സമൂഹത്തോടുള്ള പ്രതിബദ്ധതയെയും കൗൺസിൽ അംഗങ്ങൾ പ്രശംസിച്ചു. 2027 ഏപ്രിൽ വരെ നീണ്ടുനിൽക്കുന്ന ലോംഗൻബോയുടെ കാലാവധി പൂർത്തിയാക്കുക എന്ന ദൗത്യമാണ് സുപ്നയ്ക്കുള്ളത്.