സ്വകാര്യ സോഷ്യൽ സെക്യൂരിറ്റി ഡാറ്റ കാണാൻ ഡി ഓ ജി ഇക്കു സുപ്രീം കോടതി അനുമതി നൽകി

New Update
 Cfvvfh

യുഎസ് സോഷ്യൽ സെക്യൂരിറ്റി അഡ്‌മിനിസ്‌ട്രേഷൻ സൂക്ഷിക്കുന്ന മില്യൺ കണക്കിന് അമേരിക്കക്കാരുടെ സ്വകാര്യ ഡാറ്റ കാണാൻ എലോൺ മസ്‌ക് നേതൃത്വം നൽകിയിരുന്ന കാര്യക്ഷമതാ വകുപ്പിനു (ഡി ഓ ജി ഇ) സുപ്രീം കോടതി അനുമതി നൽകി.

Advertisment

ഏജൻസിയുടെ പ്രവർത്തനം ആധുനികമാക്കാനും പാഴ്‌വ്യയവും തട്ടിപ്പും ഒഴിവാക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നു ഭരണകൂടം നൽകിയ അടിയന്തര അപേക്ഷയിൽ വാദിച്ചിരുന്നു. സ്വകാര്യ സുരക്ഷാ നിയമങ്ങളുടെ സംരക്ഷണമുളള ഡാറ്റാ പരിശോധിക്കാൻ അനുവദിക്കരുതെന്നു ഡെമോക്രസി ഫോർവേഡ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ കോടതിയിൽ പോയ രണ്ടു തൊഴിലാളി യൂണിയനുകൾ വാദിച്ചു.

ഭരണകൂടത്തിന്റെ അപേക്ഷ കോടതി അനുവദിച്ചു.

കോടതി നടപടികളുടെ ഭാഗമായി ഡി ഓ ജി ഇ അവരുടെ റെക്കോർഡുകൾ ഗവൺമെന്റിന്റെ പ്രവർത്തനം നിരീക്ഷിക്കുന്ന ഗ്രൂപ്പിനു കൈമാറ്റം ചെയ്യേണ്ട ആവശ്യമില്ലെന്നും കോടതി വിധിച്ചു.

സുപ്രീം കോടതിയിലെ ലിബറൽ ജസ്റ്റിസുമാരായ സോണിയ സോട്ടോമായർ, എലീന കഗാൻ, കേതൻജി ബ്രൗൺ ജാക്‌സൺ എന്നിവർ ഈ തീർപ്പുകളോട് വിയോജിച്ചു.

കോടതി അമേരിക്കൻ ജനതയോട് വിശ്വാസ ലംഘനമാണ് നടത്തുന്നതെന്നു ജസ്റ്റിസ് ജാക്‌സൺ ചൂണ്ടിക്കാട്ടി. ഭരണകൂടത്തിനു പ്രത്യേക പരിഗണന നൽകുന്നു. "മറുവശത്തു നിയമപരമായി സംരക്ഷിക്കപ്പെടുന്ന മില്യൺ കണക്കിന് അമേരിക്കക്കാരുടെ ഏറെ സ്വകാര്യമായ വിവരങ്ങളുണ്ട്. അത് അനുചിതമായി കൈകാര്യം ചെയ്യുകയോ പരിശോധിക്കയോ ചെയ്താൽ ഗുരുതരമായ ദോഷമുണ്ടാവും."

മസ്‌കിന്റെ നേതൃത്വത്തിൽ ഡി ഓ ജി ഇ ഫെഡറൽ ഏജൻസികളിൽ രേഖകൾ തൂത്തുവാരി പരിശോധിക്കയും കൂട്ടമായി ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തിരുന്നു. എന്നാൽ മസ്‌ക് ലക്ഷ്യമിട്ടത് പോലെ $1 ട്രില്യൺ ചെലവ് കുറയ്ക്കാൻ കഴിഞ്ഞിട്ടില്ല.

Advertisment