ജീവനക്കാരെ കൂട്ടമായി പിരിച്ചു വിട്ടു യുഎസ് വിദ്യാഭ്യാസ വകുപ്പ് ‘ചെറുതാക്കാൻ’ സുപ്രീം കോടതി പ്രസിഡന്റ് ട്രംപിന് അനുമതി നൽകിയതിന്റെ പിന്നാലെ ഡിപ്പാർട്മെന്റ് ജീവനക്കാർക്കു നോട്ടീസ് അയച്ചു.
വിദ്യാഭ്യാസ സെക്രട്ടറി ലിൻഡ മക്മഹോൺ ഡിപ്പാർട്മെന്റ് ഉടച്ചു വാർക്കാൻ ഉടൻ നടപടികൾ ആരംഭിക്കുമെന്നു സുപ്രീം കോടതിയിൽ ഏറ്റവും പുതിയ വിജയം നേടിയതിനു പിന്നാലെ ട്രംപ് ട്രൂത് സോഷ്യലിൽ കുറിച്ചു.
കീഴ്കോടതി നിരോധനം നീട്ടിയ സുപ്രീം കോടതി കേസുകൾ തുടരാൻ അനുവദിച്ചിട്ടുണ്ട്. എന്നാൽ വിധി വന്നു രണ്ടു മണിക്കൂറിനകം വിദ്യാഭ്യാസ വകുപ്പ് ജീവനക്കാർക്ക് നോട്ടീസ് ലഭിച്ചു. ഏപ്രിലിൽ കീഴ്കോടതി നിരോധനം വരുന്നതിനു മുൻപ് അയച്ചു തുടങ്ങിയിരുന്ന നോട്ടീസുകൾ തന്നെയാണിവ.
'നിങ്ങളുടെ സേവനങ്ങൾക്കു നന്ദി' എന്നു പറയുന്ന നോട്ടീസിൽ പിരിച്ചു വിടലിനു കാരണം ഏജൻസി അഴിച്ചു പണിയുന്നു എന്നത് മാത്രമാണെന്നും ജീവനക്കാരുടെ പ്രവർത്തനം പരിഗണിച്ചല്ല എന്നും പറയുന്നുണ്ട്.
യുഎസ് കോൺഗ്രസിനു മാത്രം ചെയ്യാൻ അധികാരമുള്ള ഒരു നടപടിക്കു ട്രംപിനു അനുമതി നൽകിയ തീർപ്പു ന്യായീകരിക്കാൻ കഴിയുന്നതല്ലെന്നു സുപ്രീം കോടതിയിലെ ഏറ്റവും മുതിർന്ന ലിബറൽ ജസ്റ്റിസ് സോണിയ സോട്ടോമായർ എഴുതി. "തീരുമാനത്തിന്റെ പ്രത്യാഘാതങ്ങളെ കുറിച്ച് അറിയില്ലെന്നു ഭൂരിപക്ഷം ഭാവിക്കയാവാം; അതല്ലെങ്കിൽ അവർ നിഷ്കളങ്കർ ആയിരിക്കാം. രണ്ടായാലും അധികാര വിഭജനം സംബന്ധിച്ച ഭരണഘടനയുടെ വ്യവസ്ഥകൾക്ക് ഈ തീരുമാനം ഭീഷണിയാണ്."
മറ്റു രണ്ടു ലിബറൽ ജസ്റ്റിസുമാരും അതിനോട് പൂർണമായി യോജിച്ചു. അടച്ചു പൂട്ടുന്നില്ല എന്നാണ് ഭരണകൂടത്തിന്റെ വാദം.
അടച്ചു പൂട്ടൽ ഇല്ലെന്നും ഏറ്റവും പരിമിതമായ സ്റ്റാഫിനെ ഉപയോഗിച്ച് ഡിപ്പാർട്മെന്റ് നടത്തുമെന്നും ആണ് ട്രംപിന്റെ വാഗ്‌ദാനം.
എന്നാൽ പൊളിച്ചു നീക്കും എന്നു തന്നെ തിരഞ്ഞെടുപ്പു പ്രചാരണകാലം മുതൽ ട്രംപ് പറഞ്ഞിരുന്നുവെന്നു സോട്ടോമായർ ചൂണ്ടിക്കാട്ടി.
യുഎസ് കോൺഗ്രസാണ് വിദ്യാഭ്യാസ വകുപ്പ് സൃഷ്ടിച്ചതെന്നു ചൂണ്ടിക്കാട്ടിയാണ് കീഴ്കോടതികൾ ട്രംപിന്റെ നീക്കം തടഞ്ഞത്. പകുതിയോളം ജീവനക്കാരെ പിരിച്ചു വിടാൻ ട്രംപ് നോട്ടീസ് നൽകിയപ്പോൾ ആയിരുന്നു അവർ കോടതിയിൽ പോയത്.
വിദ്യാർഥികൾക്കും അവരുടെ കുടുംബങ്ങൾക്കും സുപ്രീം കോടതി വിധി സുപ്രധാന വിജയമാണെന്നു മക്മഹോൺ പ്രസ്താവനയിൽ പറഞ്ഞു. വിദ്യാഭ്യാസത്തിന്റെ ഉത്തരവാദിത്തം ഇനി സ്റ്റേറ്റുകൾക്കാണ്. അവർക്കു ആവശ്യമായ എല്ലാ നിയമാനുസൃത സഹായവും ട്രംപ് ഭരണകൂടം നൽകും.
ജിമ്മി കാർട്ടർ പ്രസിഡന്റ് ആയിരിക്കെ സൃഷ്ടിച്ച വിദ്യാഭ്യാസ വകുപ്പ് സ്കൂളുകൾക്കും കോളജ് വിദ്യാർഥികൾക്കും ധനസഹായം നൽകുകയും പൗരാവകാശങ്ങൾ ഉറപ്പാക്കുകയും ചെയ്യുന്ന ചുമതലകൾ വഹിക്കുന്നു. ഇവ സ്റ്റേറ്റുകൾക്കു വിട്ടുകൊടുക്കുന്നതാണ് നല്ലതെന്നു ട്രംപ് ഭരണകൂടം വാദിക്കുന്നു.