അനധികൃത കുടിയേറ്റക്കാരെ അവരുടേതല്ലാത്ത രാജ്യങ്ങളിലേക്കും നാടുകടത്താൻ ട്രംപ് ഭരണകൂടത്തിനു സുപ്രീം കോടതി തിങ്കളാഴ്ച്ച അനുമതി നൽകി. കുടിയേറ്റ നയം നടപ്പാക്കുന്നതിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ഇതൊരു നിർണായക വിജയമായി.
അപരിചിതമായ നാടുകളിൽ പീഡനം അനുഭവിക്കേണ്ടി വരുമെന്ന വാദം കോടതിക്കു കേൾക്കാൻ അനധികൃതർക്കു സമയം നൽകണമെന്ന കീഴ്കോടതി തീർപിന് ഇതോടെ സ്റ്റേ ആയി. ജിബൂത്തിയിലെ യുഎസ് സൈനിക താവളത്തിൽ പാർപ്പിച്ചിട്ടുള്ള ഏതാനും പേരെ സംഘർഷഭരിതമായ സൗത്ത് സുഡാനിലേക്കു അയക്കാം.
സുപ്രീം കോടതിയുടെ മൂന്ന് ലിബറൽ ജസ്റ്റിസുമാർ ദീർഘമായി ഭിന്നത രേഖപ്പെടുത്തി. 6-3 ഭൂരിപക്ഷ തീർപ്പിനു ന്യായങ്ങളൊന്നും പറയുന്നതുമില്ല.
അപരിചിതമായ രാജ്യങ്ങളിലേക്ക് അയക്കുമ്പോൾ പീഡനമോ മരണമോ നേരിടാൻ ഇടയുണ്ടെന്ന അപേക്ഷ പരിഗണിക്കാതെ പോകുന്നത് ഫെഡറൽ നിയമങ്ങൾ അവഗണിക്കലാണെന്നു ജസ്റ്റിസുമാരായ സോണിയ സോട്ടോമായർ, എലീന കഗാൻ, കേതൻജി ബ്രൗൺ ജാക്‌സൺ എന്നിവർ വിയോജിപ്പിൽ ചൂണ്ടിക്കാട്ടി. ആ അവകാശം നിഷേധിക്കാൻ പാടില്ല.
നിയമം തങ്ങൾക്കു ബാധകമല്ലെന്നും ഇഷ്ടം പോലെ ആരെയും എവിടേക്കും അയക്കാമെന്നുമുള്ള ഗവൺമെന്റ് നിലപാട് സോട്ടോമായർ ചൂണ്ടിക്കാട്ടി.
മേയിൽ എട്ടു പേരെ വിമാനത്തിൽ കയറ്റി സൗത്ത് സുഡാനിലേക്കു തിരക്കിട്ടു അയച്ചിരുന്നു. അവരെ കൊണ്ടിറക്കിയത് കിഴക്കൻ ആഫ്രിക്കയിൽ ജിബൂത്തിയിലാണ്. ഇപ്പോൾ അവിടെ യുഎസ് സൈനിക താവളത്തിൽ കഴിയുന്ന അവരുടെ വാദങ്ങൾ ഗവൺമെന്റ് കേൾക്കേണ്ടതാണെന്നു ബോസ്റ്റണിൽ യുഎസ് ഡിസ്‌ട്രിക്‌ട് കോടതി ജഡ്‌ജ് ബ്രയാൻ ഇ. മർഫി വിധിച്ചിരുന്നു.
അതിനെതിരെ സ്റ്റേ തേടിയാണ് ഭരണകൂടം സുപ്രീം കോടതിയിൽ പോയത്. അപ്പീലിൽ തുടർന്നും വാദം കേൾക്കും.
എട്ടു പേരും അക്രമങ്ങൾക്കു കുറ്റക്കാരെന്നു കണ്ടെത്തിയവരാണെന്നു ഗവൺമെന്റ് വാദിച്ചു. ഒരാൾ സൗത്ത് സുഡാൻകാരനാണ്. മയന്മാർ സ്വദേശിയായ മറ്റൊരാളെ അവിടേക്കു അയക്കും. ശേഷിക്കുന്ന ആറു പേരുടെ കാര്യത്തിലാണ് തീരുമാനം വേണ്ടിയിരുന്നത്.
അപകടകാരികളായ ക്രിമിനലുകളെ ജിബൂത്തിയിൽ സൂക്ഷിക്കുന്നത് വലിയ ബാധ്യതയാണെന്നു ഗവൺമെൻറ് കോടതിയിൽ വാദിച്ചു.