/sathyam/media/media_files/2025/04/07/ZLrFShOqjVt5S9D18y5O.jpg)
ഇല്ലിനോയ് സംസ്ഥാനത്തേക്കു നാഷണൽ ഗാർഡുകളെ അയക്കുന്നതിൽ നിന്നു സുപ്രീം കോടതി ട്രംപ് ഭരണകൂടത്തെ വിലക്കി. 6-3 വോട്ടിൽ എടുത്ത തീർപ്പിൽ കോടതി പറഞ്ഞു: "ഇല്ലിനോയിൽ നിയമം നടപ്പാക്കാൻ സൈന്യത്തെ അയക്കാനുള്ള അധികാരം എങ്ങിനെ ലഭ്യമായി എന്നു തെളിയിക്കാൻ ഈ പ്രാഥമിക ഘട്ടത്തിൽ ഗവൺമെന്റിനു കഴിഞ്ഞിട്ടില്ല."
മറ്റു നഗരങ്ങളിലേക്കു ഗാർഡുകളെ വിന്യസിച്ചതിനും എന്തധികാരമാണ് ഉപയോഗിച്ചതെന്നു വ്യക്തമായിട്ടില്ലെന്നും കോടതി കൂട്ടിച്ചേർത്തു.
യുഎസ് നഗരങ്ങളിൽ സൈന്യത്തെ വിന്യസിക്കാൻ പ്രസിഡന്റിനു വിശാലമായ വിവേചനാധികാരം ഉണ്ടെന്ന വാദം കോടതി തള്ളിക്കളയുകയും ചെയ്തു.
ഒക്ടോബർ 4നാണു പ്രസിഡന്റ് ട്രംപ് 300 നാഷണൽ ഗാർഡുകളെ ഇല്ലിനോയിലേക്ക്, പ്രത്യേകിച്ചു ഷിക്കാഗോയിലേക്ക്, നിയോഗിച്ചത്. അടുത്ത ദിവസം ടെക്സസിൽ നിന്നും ഗാർഡുകളെ അയച്ചു.
ഒക്ടോബർ 9നു ഇല്ലിനോയ് നോർത്തേൺ ഡിസ്ട്രിക്ടിലെ യുഎസ് ഡിസ്ട്രിക്ട് കോടതി താത്കാലിക വിലക്ക് ഏർപ്പെടുത്തി. 16നു അപ്പീൽ കോടതി അതു ശരിവച്ചു. അതേ തുടർന്നാണ് സുപ്രീം കോടതിയിൽ എത്തിയത്.
ട്രംപിന്റെ നടപടിയെ എതിർത്ത ഇലിനോയ് ഡെമോക്രാറ്റിക് ഗവർണർ ജെ ബി പ്രിറ്റ്സർ, ഷിക്കാഗോയുടെ ഡെമോക്രാറ്റിക് മേയർ ബ്രാണ്ടൻ ജോൺസൺ എന്നിവർ സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്തു പറഞ്ഞു: "ഇത് ഇല്ലിനോയുടെയും അമേരിക്കൻ ജനാധിപത്യത്തിന്റെയും വമ്പിച്ച വിജയമാണ്."
അടുത്ത കാലത്തു ട്രംപിനെ അതിരുകടന്നു പിന്തുണച്ചു വന്ന സുപ്രീം കോടതിയിലെ ഭൂരിപക്ഷം വരുന്ന യാഥാസ്ഥിതിക ജസ്റ്റിസുമാർ ഈ കേസിൽ എടുത്ത നിലപാട് വളരെ വ്യത്യസ്തമായി. അദ്ദേഹത്തിന്റെ അധികാര പരിധിയെ കോടതി ചോദ്യം ചെയ്യുന്നതു തന്നെ ആദ്യമായാണ്.
യാഥാസ്ഥിതിക ജസ്റ്റിസുമാരായ ക്ലാരൻസ് തോമസ്, സാമുവൽ അലിറ്റോ, നീൽ എം. ഗോർസച് എന്നിവരാണ് എതിർത്തു നിന്നത്.
സംസ്ഥാന നേതാക്കളുടെ എതിർപ്പ് അവഗണിച്ചു വാഷിംഗ്ടൺ, ലോസ് ഏഞ്ജലസ്, ഒറിഗണിലെ പോർട്ട്ലൻഡ് എന്നീ നഗരങ്ങളിൽ ട്രംപ് സൈന്യത്തെ നിയോഗിച്ചിരുന്നു. അനധികൃത കുടിയേറ്റക്കാരെ തിരയുന്ന ഐസിന്റെ ഏജൻറുമാർ ചെറുത്തു നിൽപ് നേരിട്ടപ്പോഴായിരുന്നു അത്. അടിയന്തര ഘട്ടങ്ങളിൽ ഗവർണർമാർ അഭ്യർഥിക്കുമ്പോൾ മാത്രമേ പ്രസിഡന്റ് സൈന്യത്തെ അയക്കാറുള്ളൂ എന്നതാണ് കീഴ്വഴക്കം.
ഇല്ലിനോയിൽ പ്രാദേശിക നിയമ പാലകർക്കു കൈകാര്യം ചെയ്യാൻ കഴിയാത്ത അവസ്ഥ ഉണ്ടായെന്നു പ്രസിഡന്റിനു തെളിയിക്കാൻ കഴിഞ്ഞില്ലെന്നു സ്റേറ് അറ്റോണി ജനറൽ കോടതിയിൽ വാദിച്ചിരുന്നു. ടെക്‌സസിൽ നിന്നു സേനയെ വിളിച്ചത് പ്രതിഷേധ പ്രകടനങ്ങൾ നേരിടാനാണ്. സ്റ്റേറ്റ് പോലീസിനു കൈകാര്യം ചെയ്യാൻ കഴിയുന്ന പ്രകടനം മാത്രമായിരുന്നു അത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us