ന്യൂയോർക്ക്: ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ 74% ആളുകളും ഭരണ സംവിധാനത്തിൽ തൃപ്തരാണെന്നു അമേരിക്കയുടെ പ്യു റിസർച് സെന്റർ കണ്ടെത്തി. അവർ നടത്തിയ 'സ്പ്രിംഗ് 2025 ഗ്ലോബൽ ആറ്റിട്യൂട്സ് സർവ്വേ' അനുസരിച്ചു ഇക്കാര്യത്തിൽ ഇന്ത്യ സ്വീഡനു തൊട്ടു പിന്നിൽ രണ്ടാം സ്ഥാനത്താണ്. 99 കോടി വോട്ടർമാരാണ് ഇന്ത്യയിൽ.
സ്വീഡൻ ആണ് 23 രാജ്യങ്ങൾ ഉൾപ്പെട്ട സർവേയിൽ ഒന്നാമത്.
ജനങ്ങളുടെ സംതൃപ്തിയിൽ സാമ്പത്തിക അവസ്ഥ പ്രധാനപ്പെട്ട ഒരു ഘടകമാണെന്നു സർവേ പറയുന്നു. "സമ്പദ് വ്യവസ്ഥയിൽ തൃപ്തി ഉണ്ടെന്നു പറയുന്ന ജനങ്ങൾക്കു ഭൂരിപക്ഷമുള്ള രാജ്യങ്ങളിൽ അവർക്കു ജനാധിപത്യത്തിലും തൃപ്തിയുണ്ട്."
സമ്പദ് വ്യവസ്ഥയിലും ജനാധിപത്യത്തിലും ഒന്നുപോലെ ജനങ്ങൾ തൃപ്തരായ രാജ്യങ്ങൾ ഇന്ത്യ, ഇന്തോനേഷ്യ, മെക്സിക്കോ, നെതർലൻഡ്‌സ്, സ്വീഡൻ എന്നിവയാണെന്നാണ് സർവേ കണ്ടെത്തൽ.
ഇന്തോനേഷ്യയിൽ 66% ആളുകൾ ജനാധിപത്യത്തിൽ തൃപ്തരാണ്. മെക്സിക്കോയിൽ 51% പേരും. നെതർലൻഡ്‌സിൽ 60% പേർ.
സർവേ നടത്തിയ 23 രാജ്യങ്ങളിൽ 58% മുതിർന്നവർ ജനാധിപത്യം നടന്നു വരുന്ന രീതിയിൽ അസംതൃപ്തരാണ്. 42% പേർക്ക് തൃപ്തിയുണ്ട്.
യുഎസ് ഉൾപ്പെടെ ഉയർന്ന വരുമാനമുളള 12 രാജ്യങ്ങളിൽ 64% ജനാധിപത്യത്തിന്റെ പ്രവർത്തനത്തിൽ തൃപ്തരല്ല. കാനഡ, ഫ്രാൻസ്, ജർമനി, ഗ്രീസ്, ഇറ്റലി, ജപ്പാൻ, നെതർലൻഡ്‌സ്, സൗത്ത് കൊറിയ, സ്പെയിൻ, സ്വീഡൻ, യുകെ എന്നിവയാണ് മറ്റു രാജ്യങ്ങൾ.