മിനസോട്ട: ശനിയാഴ്ച പുലർച്ചെ പോലീസ് ഉദ്യോഗസ്ഥനെപ്പോലെ വസ്ത്രം ധരിച്ച് രണ്ട് മിനസോട്ട നിയമസഭാംഗങ്ങളെ അവരുടെ വീടുകളിൽ കയറി വെടിവച്ച കേസിൽ കുറ്റാരോപിതനായ വാൻസ് ബോൾട്ടറെ ഞായറാഴ്ച പോലീസ് നീണ്ട വേട്ടയാടലിന് ശേഷം പിടികൂടിയതായി ഗവർണർ ടിം വാൾസ് അറിയിച്ചു.
മിനസോട്ടയിലെ ഗ്രീൻ ഐലിലുള്ള ബോൾട്ടറുടെ വീടിനടുത്താണ് അയാളെ പിടികൂടിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
സ്റ്റേറ്റ് റെപ്. മെലിസ ഹോർട്ട്മാനും (ഡെമോക്രാറ്റ്) അവരുടെ ഭർത്താവ് മാർക്കും മരണമടഞ്ഞിരുന്നു. "രാഷ്ട്രീയ പ്രേരിതമായ" കൊലപാതകമാണെന്ന് ടിം വാൾസ് ആരോപിക്കയും ചെയ്തു.
ഹോർട്ട്മാൻ വസതിയിൽ നിന്ന് ഏകദേശം അഞ്ച് മൈൽ അകലെയുള്ള വീട്ടിൽ വച്ച് മിനസോട്ട സ്റ്റേറ്റ് സെനറ്റർ ജോൺ ഹോഫ്മാനെയും (ഡെമോക്രാറ്റ്) ഭാര്യ യെവെറ്റിനെയും നേരത്തെ ബോൾട്ടർ നിരവധി തവണ വെടിവച്ചു.
പ്രതി മുഖംമൂടി ധരിച്ച് നിയമപാലകന്റെ വേഷം ധരിച്ച് രണ്ട് വീടുകളിലും എത്തി. ഹോർട്ട്മാന്റെ വീടിന് പുറത്ത് പോലീസ് അയാളെ കണ്ടപ്പോൾ ഉടൻ തന്നെ ഉദ്യോഗസ്ഥരെ വെടിവച്ച് അയാൾ വീട്ടിലേക്ക് തിരിച്ചുപോയി. വീടിന്റെ പിൻഭാഗത്തിലൂടെ അയാൾ ഓടിപ്പോയതായി കരുതുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.
ബോൾട്ടറിനെക്കുറിച്ച് വിവരങ്ങൾ നൽകുന്നവർക്ക് എഫ്ബിഐ 50,000 ഡോളർ വരെ പാരിതോഷികം വാഗ്ദാനം ചെയ്തിരുന്നു.