'ഇന്ത്യയ്ക്ക് മേല്‍ നികുതി ചുമത്തണം'; യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് ട്രംപിന്റെ നിര്‍ദേശം

New Update
Trump

വാഷിങ്ടണ്‍: റഷ്യന്‍ എണ്ണ വാങ്ങുന്നതില്‍ ഇന്ത്യയ്ക്ക്മേല്‍ നികുതി ചുമത്തണമെന്ന് യൂറോപ്യന്‍ രാജ്യങ്ങളോട് ആവശ്യപ്പെട്ട് യുഎസ്. യുഎസ് ചുമത്തിയതിന് സമാനമായ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ട്രംപ് ഭരണകൂടം ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍ . ഇന്ത്യയില്‍നിന്നും എണ്ണ, വാതകങ്ങള്‍ എന്നിവ വാങ്ങുന്നത് പൂര്‍ണമായും നിര്‍ത്തണമെന്നും യുഎസ് ആവശ്യപ്പെട്ടു.

Advertisment

റഷ്യയുടെ ഏറ്റവും വലിയ എണ്ണ ഉപഭോക്താക്കളായ ചൈനയും യൂറോപ്യന്‍ രാജ്യങ്ങളും റഷ്യയുമായുള്ള വ്യാപാരം ശക്തമായി തുടരുമ്പോള്‍ ഇന്ത്യക്കെതിരെ പ്രതികാര മനോഭാവത്തില്‍ പ്രതികരിക്കുന്ന യുഎസിന്റെ നിലപാടിനെ രാജ്യം ശക്തമായ ഭാഷയില്‍ ചോദ്യം ചെയ്യുന്നതിനിടെയാണ് ട്രംപിന്റെ പുതിയ നീക്കം.

റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നതിലൂടെ യുക്രൈന്‍-റഷ്യ യുദ്ധത്തിന് ഇന്ത്യ സാമ്പത്തിക സഹായം നല്‍കുകയാണെന്ന് യുഎസ് ആരോപിക്കുന്നുണ്ട്. ഇക്കാര്യം ഉയര്‍ത്തിയാണ് യൂറോപ്യന്‍ രാജ്യങ്ങളോട് ഇന്ത്യക്കെതിരെ നികുതി ചുമത്തണമെന്ന് യുഎസ് ആവശ്യപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ യുഎസിന്റെ താരിഫ് ഭീഷണിയെ വകവെക്കാതെ ഇന്ത്യ റഷ്യയില്‍ നിന്നുള്ള എണ്ണ വാങ്ങല്‍ തുടരുകയാണ്. ഇതാണ് യുഎസിനെ ചൊടിപ്പിച്ചത്.

യുക്രൈന്‍- റഷ്യ യുദ്ധം അവസാനിപ്പിക്കാന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മധ്യസ്ഥത വഹിച്ചിരുന്നു. ഇതിനായി റഷ്യന്‍ പ്രസിഡന്റ് പുടിനുമായി ട്രംപ് അലാസ്‌കയില്‍ കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഈ കൂടിക്കാഴ്ച ഫലം കണ്ടില്ലെങ്കിലും ട്രംപിന്റെ നീക്കത്തെ യൂറോപ്യന്‍ രാജ്യങ്ങള്‍ പ്രശംസിക്കുകയും പിന്തുണക്കുകയും ചെയ്തിരുന്നു. അതിനാല്‍ തന്നെ ഇന്ത്യക്കെതിരെ നികുതി ചുമത്തണമെന്ന യുഎസ് ആവശ്യത്തെ യൂറോപ്യന്‍ രാജ്യങ്ങള്‍ എങ്ങനെ സ്വീകരിക്കുമെന്നത് നിര്‍ണായകമാകും.

Advertisment