/sathyam/media/media_files/2025/12/19/f-2025-12-19-05-30-54.jpg)
ടെക്സസ്: ഹൈസ്‌കൂൾ ക്ലാസ് മുറിക്കുള്ളിലുണ്ടായ തർക്കത്തിനിടെ സഹപാഠിയുടെ കുത്തേറ്റ വിദ്യാർഥി മരിച്ചു. ബേടൗണിലെ സ്റ്റെർലിങ് ഹൈസ്കൂളിൽ ബുധനാഴ്ച രാവിലെയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.
രാവിലെ 10:42-ഓടെ രണ്ട് ആൺകുട്ടികൾ തമ്മിലുണ്ടായ വഴക്കിനിടെയാണ് സംഭവം. 18 വയസ്സുള്ള വിദ്യാർഥി പ്രായപൂർത്തിയാകാത്ത സഹപാഠിയെ കത്രിക കൊണ്ട് കുത്തുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ വിദ്യാർഥിയെ ഉടൻ തന്നെ എയർ ആംബുലൻസ് (ലൈഫ് ഫ്ലൈറ്റ്) വഴി ടെക്സസ് മെഡിക്കൽ സെന്ററിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാലാവസ്ഥാ പ്രശ്‌നങ്ങൾ കാരണം സ്‌കൂളിൽ വിമാനം ഇറക്കാൻ കഴിയാത്തതിനാൽ ആദ്യം ആംബുലൻസിൽ വിമാനത്താവളത്തിൽ എത്തിച്ച ശേഷമാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
ആക്രമണം നടത്തിയ 18-കാരനെ പൊലീസ് കസ്‌റ്റഡിയിലെടുത്തു. സംഭവത്തെത്തുടർന്ന് സ്കൂളിൽ താൽക്കാലികമായി നിയന്ത്രണങ്ങൾ (ഹോൾഡ്) ഏർപ്പെടുത്തിയെങ്കിലും പിന്നീട് ഇത് നീക്കി. ക്യാംപസിൽ നിലവിൽ മറ്റ് സുരക്ഷാ ഭീഷണികൾ ഇല്ലെന്ന് അധികൃതർ അറിയിച്ചു. കുട്ടികളുടെ സ്വകാര്യത മാനിച്ച് ഇവരുടെ പേരുവിവരങ്ങൾ സ്‌കൂൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us