തായ്‌ലൻഡും കംബോഡിയയും ഉടൻ വെടിനിർത്തൽ ചർച്ചകളിലേക്ക് കടക്കും: ഇന്ത്യ- പാക് സംഘർഷം അവസാനിച്ചത് പോലെ; ട്രംപ്

New Update
Untitledtrmpp

വാഷിംഗ്ടൺ: മൂന്ന് ദിവസമായി തുടരുന്ന തായ്‌ലൻഡ് -കംബോഡിയ സംഘർഷം അവസാനിപ്പിക്കാൻ താൻ ഇടപെട്ടെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇരു രാജ്യതലവന്മാരുമായും താൻ വ്യാപാരകരാർ മുൻനിർത്തി ചർച്ചകൾ നടത്തിയെന്നും ഇരുവരും ഉടൻതന്നെ വെടിനിർത്തൽ ചർച്ചകൾ നടത്തുമെന്നും ട്രംപ് പറഞ്ഞു. സാമൂഹ്യമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ അവകാശവാദം.

Advertisment

'തായ്‌ലൻഡ്, കംബോഡിയ രാജ്യങ്ങളുടെ തലവന്മാരുമായി നല്ല ചർച്ചയാണ് ഉണ്ടായത്. ഇരുവരും ഉടൻ തന്നെ വെടിനിർത്തൽ നിലവിൽ വരുത്താനും സമാധാനം പുനഃസ്ഥാപിക്കാനും താത്പര്യപ്പെടുന്നവരാണ്. യുഎസുമായി വ്യാപാരചർച്ചകൾ നടത്താനും താത്പര്യമുണ്ട്. എന്നാൽ സംഘർഷം അവസാനിപ്പിക്കാതെ അത് നടക്കില്ല. ഇരു രാജ്യങ്ങളുടെയും തലവന്മാർ ഉടൻ തന്നെ കൂടിക്കാഴ്ച നടത്തി വെടിനിർത്തൽ ചർച്ചകളിലേക്ക് കടക്കും. അങ്ങനെ ഉണ്ടായാൽ വ്യാപാരകരാറിലും ചർച്ചകൾ ഉണ്ടാകും'; ട്രംപ് കുറിച്ചു.

നേരത്തെ, ഇന്ത്യ പാക് സംഘർഷം അവസാനിപ്പിച്ചതും താൻ മുൻകൈ എടുത്താണെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു. വ്യാപാര കരാർ മുന്നോട്ട് വെച്ചാണ് ഇരുരാജ്യങ്ങളെയും അനുനയിപ്പിച്ചതെന്നാണ് ട്രംപ് പറഞ്ഞത്. എന്നാൽ വെടിനിർത്തൽ ഉണ്ടായത് പാകിസ്താന്റെ അഭ്യർത്ഥനപ്രകാരമാണെന്നും ആരും മധ്യസ്ഥത വഹിച്ചില്ലെന്നും കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കിയിരുന്നു.

തായ്‌ലൻഡും കംബോഡിയയും തമ്മിലുള്ള അതിർത്തിസംഘർഷത്തിൽ ഇരുഭാഗത്തും ഇതുവരെ 30 പേരാണ് മരിച്ചത്. ഇരു രാജ്യങ്ങളുടെയും അതിർത്തിപ്രദേശങ്ങളിൽ താമസിച്ചിരുന്ന ഒരു ലക്ഷത്തോളം ആളുകളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ദിവസങ്ങൾക്ക് മുൻപ് കുഴിബോംബ് ആക്രമണത്തിൽ തായ്‌ലൻഡിന്റെ അഞ്ച് സൈനികർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കംബോഡിയയാണ് ഈ ആക്രമണം നടത്തിയതെന്നാണ് തായ്‌ലൻഡ് പറയുന്നത്. എന്നാൽ കംബോഡിയ ഇത് നിഷേധിച്ചിരുന്നു. ഇതോടെ തുടങ്ങിയ സംഘർഷമാണ് ഇപ്പോൾ യുദ്ധസമാന സാഹചര്യത്തിലേക്ക് എത്തിയിരിക്കുന്നത്.

Advertisment