ന്യൂയോര്‍ക്ക്: നാസയുടെ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് ഇല്ലാതെ ബോയിംഗ് സ്ററാര്‍ലൈനര്‍ അടുത്ത ആഴ്ച ഭൂമിയില്‍ തിരിച്ചെത്തും. വാണിജ്യ ബഹിരാകാശ യാത്രയ്ക്കുള്ള സ്ററാര്‍ലൈനറിന്‍റെ കഴിവ് പരീക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ജൂണ്‍ 5 ന് നാസ ബഹിരാകാശയാത്രികരായ സുനിത വില്യംസും ബുച്ച് വില്‍മോറും ബോയിംഗ് സ്ററാര്‍ലൈനര്‍ ബഹിരാകാശ പേടകത്തില്‍ പുറപ്പെട്ടു.
ഈ സ്പേസ് ക്യാപ്സ്യൂള്‍ സെപ്റ്റംബര്‍ 7~ന് ഭൂമിയിലേക്ക് തിരിച്ചുവരുന്നത് ക്രൂവില്ലാതെയാണ് എന്ന പ്രത്യേകതയുണ്ട്. പോയപ്പോഴുണ്ടായിരുന്ന രണ്ട് ബഹിരാകാശയാത്രികരും അടുത്ത വര്‍ഷം സ്പേസ് എക്സിന്‍റെ ക്രൂ ഡ്രാഗണില്‍ തിരിച്ചെത്തും. ബോയിംഗ് ബഹിരാകാശ പേടകത്തിന്‍റെ ത്രസ്റററുകളുടെ തകരാര്‍, പലതവണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഹീലിയം ചോര്‍ച്ച എന്നിവയെല്ലാം ബഹിരാകാശ യാത്രികര്‍ക്ക് അപകടസാധ്യത യുള്ളതാക്കുന്നതിലാണ് നാസയുടെ ഈ തീരുമാനം.
സെപ്റ്റംബര്‍ 7 ശനിയാഴ്ച പുലര്‍ച്ചെ 12:03 ന് പേടകം ഭൂമിയില്‍ തിരിച്ചെത്തുമെന്ന് നാസ അറിയിച്ചു. ഫ്ലോറിഡയിലെ നാസയുടെ കെന്നഡി സ്പേസ് സെന്‍ററിലെ ബോയിങ്ങിന്‍റെ സ്ററാര്‍ലൈനര്‍ ഫാക്റ്ററിയിലേക്ക് മടങ്ങുന്നതിന് ലാന്‍ഡിംഗ് സോണിലെ റിക്കവറി ടീമുകള്‍ ബഹിരാകാശ പേടകത്തെ സംരക്ഷിക്കും.
വെറും എട്ടു ദിവസത്തിനുള്ളില്‍ തിരിച്ചു വരേണ്ടിയിരുന്ന സുനിതയും ബുച്ചും സ്ററാര്‍ലൈനറിന്‍റെ തെറ്റായ പ്രൊപ്പല്‍ഷന്‍ സിസ്ററം കാരണം സ്പേസ് ക്യാപ്സ്യൂളിന്‍റെ തിരിച്ചുവരാന്‍ വൈകുകയാണ്. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ഇലോണ്‍ മസ്കിന്റെ സ്പേസ് എക്സ് പേടകത്തില്‍ ഇവരെ തിരിച്ചെത്തിക്കാമെന്നാണ് ഏറ്റവും പുതിയ തീരുമാനം.