Advertisment

ഹാരിസ് നേരിടുന്ന വെല്ലുവിളി കഠിനം, അലംഭാവം അരുതെന്നു കാമ്പയ്ൻ

New Update
gfyfugi

വൈസ് പ്രസിഡന്റ് കമലാ ഹാരിസ് എതിരാളി ഡൊണാൾഡ് ട്രംപിനെ അപേക്ഷിച്ചു വിജയ സാധ്യത കുറഞ്ഞ സ്ഥാനാർഥി (Underdog) ആണെന്നു ഹാരിസ് കാമ്പയ്ൻ ഞായറാഴ്ച്ച പ്രസ്താവനയിൽ പറഞ്ഞു. അമിതമായ വിജയപ്രതീക്ഷ പാടില്ലെന്നും കഠിനമായ പോരാട്ടമാണ് നടക്കുന്നതെന്നും കാമ്പയ്ൻ ചെയർ ജെൻ ഒമാലി ഡിലോൺ ചൂണ്ടിക്കാട്ടി.

Advertisment

തലനാരിഴയുടെ വ്യത്യാസത്തിൽ ആയിരിക്കും ഫലങ്ങൾ നിർണയിക്കുകയെന്നു അവർ പറഞ്ഞു. ഡൊണാൾഡ് ട്രംപ് എളുപ്പത്തിൽ തോൽപിക്കാൻ കഴിയാത്ത കരുത്തനായ സ്ഥാനാർഥിയാണ്. അദ്ദേഹത്തിനു വേണ്ടി എന്തു ത്യാഗത്തിനും തയാറാവുന്ന പ്രവർത്തകരുണ്ട്. 2020നു ശേഷം ഏറ്റവും ഉയർന്ന തോതിൽ അനുകൂല അഭിപ്രായവും ഉണ്ട്.

സർവേകളിൽ ഹാരിസ് നടത്തിയ മുന്നേറ്റം ആലസ്യത്തിനു കാരണമാവരുതെന്നു അണികൾക്കു താക്കീതു നൽകാനാണ് കാമ്പയ്ൻ ശ്രമിക്കുന്നത്."ഒരു സംശയവും വേണ്ട," ഡിലോൺ കുറിച്ചു. "മത്സരത്തിന്റെ അവസാന ഘട്ടത്തിലേക്കു കടക്കുമ്പോൾ നമ്മൾ വ്യക്തമായും വിജയ സാധ്യത ഉറപ്പുള്ളവരല്ല."

ദേശീയ സർവേകളുടെ ശരാശരിയിൽ റിയൽക്ലിയർപൊളിറ്റിക്‌സ് ഹാരിസിന് ട്രംപിന്റെ മേൽ 48% -- 46.2% ലീഡ് കാണുന്നു. ഫൈവ്തിർട്ടി എയ്റ്റ്  47.1% -- 43.8% എന്ന നിലയും. എന്നാൽ അതു രണ്ടും വളരെ നേർത്തതാണ്. അലംഭാവം പാടില്ല എന്ന താക്കീതു നൽകാൻ മതിയായ കാരണമുണ്ട്.

യുദ്ധഭൂമി സംസ്ഥാനങ്ങളിൽ മത്സരം കടുത്തു നിൽക്കെയാണ് ഈ താക്കീത്. മിഷിഗൺ, വിസ്കോൺസിൻ, പെൻസിൽവേനിയ എന്നിവ പ്രവചിക്കാൻ കഴിയാത്ത വിധം അടുത്താണ് നിൽക്കുന്നത്. ഇലക്ട്‌റൽ കോളജിലെ വിജയം ഉറപ്പാക്കാൻ ഈ സംസ്ഥാനങ്ങൾ കൂടിയേ തീരൂ."2020ൽ യുദ്ധഭൂമികളിൽ വെറും 40,000 വോട്ടും മറ്റുമായിരുന്നു ഭൂരിപക്ഷം," ഡിലോൺ ചൂണ്ടിക്കാട്ടി. "ഈ നവംബറിലും തലനാരിഴയുടെ വ്യത്യാസമാണ് നമ്മൾ പ്രതീക്ഷിക്കുന്നത്."

റിപ്പബ്ലിക്കൻ കോട്ടകളായ നോർത്ത് കരലിന, ജോർജിയ തുടങ്ങിയ സംസ്ഥാനങ്ങളിൽ കടന്നു കയറാനുള്ള ശ്രമത്തിലാണ് ഹാരിസ്.  അധികഠിനമാണ് ആ ശ്രമമെന്ന് ഡിലോൺ പറഞ്ഞു.പ്രസിഡന്റ് ആയിരുന്ന ട്രംപിനെ പോലെ ദേശീയമായി അറിയപ്പെട്ടവരല്ല ഹാരിസും വി പി സ്ഥാനാർഥി ടിം വാൾസും എന്നു ഡിലോൺ പറഞ്ഞു.

സെപ്റ്റംബർ 10നു ട്രംപും ഹാരിസും തമ്മിൽ നടക്കുന്ന ഡിബേറ്റ് മത്സരത്തിൽ നിർണായകമാകും എന്ന പ്രതീക്ഷയുണ്ട്. ഹാരിസിനു പരസ്യ വേദികളിൽ പരുങ്ങൽ ഉണ്ടാവാറുണ്ട് എന്ന പ്രതീക്ഷയിലാണ് ട്രംപ് പക്ഷം. 

ഡെമോക്രാറ്റിക്‌ നാഷനൽ കൺവെൻഷനിൽ നിന്നു ഹാരിസിനു വലിയ നേട്ടം ഉണ്ടായില്ല എന്നാണ് കാണുന്നത്.

ലീഡ് ഉണ്ടെങ്കിലും കൺവെൻഷൻ കഴിയുമ്പോൾ ഉണ്ടാവേണ്ട കുതിപ്പ് ഉണ്ടായതായി കാണുന്നില്ല. ഞായറാഴ്ച്ച പുറത്തു  വന്ന എ ബി സി ന്യൂസ്/ഇപ്‌സോസ് പോളിൽ റജിസ്റ്റർ ചെയ്ത വോട്ടർമാർക്കിടയിൽ ഹാരിസ് 50--46 ലീഡ് നിലനിർത്തുന്നുണ്ട്. വോട്ട് ചെയ്യാൻ സാധ്യത ഉള്ളവരിൽ 52% അവരെ പിന്തുണയ്ക്കുന്നു. ട്രംപിന് 46%.

എന്നാൽ അത് കൺവൻഷനു മുൻപുള്ള നില തന്നെയാണ്. സ്ത്രീകൾക്കിടയിൽ ഹാരിസ് മെച്ചപ്പെട്ടു. കൺവൻഷനു മുൻപ് 6% ലീഡ് ആയിരുന്നു അവർക്ക്. ഇപ്പോൾ 13% ഉണ്ട്:  54 -- 41.



Advertisment